ടോണി ജോസ്
ജീവിതം ജീവിച്ചു തീർത്തവൻ, ആളിരന്പങ്ങൾക്കിടയിൽ കാൽപ്പന്തിന്റെ ലഹരിയിൽ ഉന്മാദിയായവൻ, കളിക്കളമൊഴിഞ്ഞിട്ടും ആരാധകരെ ഒപ്പംകൂട്ടിയ സാക്ഷാൽ ഡിയേഗൊ അർമാൻഡോ മാറഡോണ.
ഫുട്ബോളിന്റെ കലയെ മാറഡോണ നെഞ്ചേറ്റിയപ്പോൾ ലാറ്റിനമേരിക്കൻ കളിയഴകിന്റെ ഇഷ്ടക്കാർ അദ്ദേഹത്തെ പ്രതിഷ്ഠിച്ചതു ഹൃദയങ്ങളിലാണ്. മരിച്ച്, വർഷം ഒന്നു കഴിഞ്ഞിട്ടും ആരാധകഹൃദയങ്ങളുടെ ഒത്ത നടുക്കുണ്ട് മാറഡോണ.
വെളിപ്പെടുത്തലുകൾ വിശ്വസിക്കാമെങ്കിൽ ജനകോടികൾ ഹൃദയത്തിലേറ്റിയ മാറഡോണയുടെ ആ ‘ഹൃദയം’ എങ്ങുംപോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്. ഹൃദയമില്ലാത്ത മാറഡോണയെയാണു മണ്ണിൽ അടക്കംചെയ്തതെന്നാണു പറയുന്നത്. അർജന്റൈൻ ന്യൂറോളജിസ്റ്റായ നെൽസണ് കാസ്ട്രോയുടേതാണു വെളിപ്പെടുത്തൽ.
മാറഡോണയുടെ മൃതശരീരത്തിൽനിന്ന് അദ്ദേഹത്തിന്റെ ഹൃദയം എടുത്തുസൂക്ഷിച്ചതായി എൽ ട്രെസ് ചാനലിൽ നടിയും അവതാരകയുമായ യുവാന വയേലുമായി നടത്തിയ സംഭാഷണത്തിൽ കാസ്ട്രോ പറഞ്ഞു.
മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനു ഹൃദയം മാറ്റിയെന്നാണ് കാസ്ട്രോ പറയുന്നത്. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ഡോക്ടറും എഴുത്തുകാരനുംകൂടിയായ അദ്ദേഹം ഒരു പുസ്തകമെഴുതി-ദി ഹെൽത്ത് ഓഫ് ഡിയേഗൊ എന്ന പേരിൽ.
മാറഡോണയുടെ ഹൃദയം എടുത്തുമാറ്റാൻ മറ്റൊരു കാരണംകൂടി കാസ്ട്രോ പറയുന്നുണ്ട്. മരണത്തിനു മുന്പ് മാറഡോണ പരിശീലിപ്പിച്ചിരുന്ന അർജന്റൈൻ ക്ലബ്ബായ ജിംനാസ്യ ലാ പ്ലത്തയുടെ ഹൂളിഗൻ ലെവലിലുള്ള തീവ്ര ആരാധകക്കൂട്ടത്തെക്കുറിച്ചാണത്.
ബരാ ബ്രേവ എന്നറിയപ്പെടുന്ന ഈ കൂട്ടം മാറഡോണയെ അടക്കിയ കല്ലറയിലെ ശവപ്പെട്ടി തുറന്ന് ഹൃദയം കവരുമെന്നു സൂചന ലഭിച്ചിരുന്നു. ഹൃദയം മാറ്റിയതിലൂടെ ഇതു തടയാനായെന്നും കാസ്ട്രോ പറഞ്ഞു.
മരിക്കുന്പോൾ മാറഡോണയുടെ ഹൃദയത്തിന് അരക്കിലോഗ്രാം ഭാരമാണുണ്ടായിരുന്നത്. ആരോഗ്യവാനായ ഒരാളുടെ ഹൃദയത്തിന് ഏകദേശം 300 ഗ്രാമായിരിക്കും തൂക്കം. വിനാശകരമായ വസ്തുക്കളോട്, പ്രത്യേകിച്ച് ഉന്മാദം രക്തത്തിലേക്കു പടർത്തുന്ന ലഹരിയോടു മാറഡോണയ്ക്ക് ചായ്വ് കൂടുതലായിരുന്നു.
മറ്റാരെങ്കിലുമായിരുന്നെങ്കിൽ അയാൾ നേരത്തെ പരലോകം പൂകിയേനെ എന്ന അഭിപ്രായവും കാസ്ട്രോയ്ക്കുണ്ട്. ഹൃദയം നീക്കിയതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളില്ല, സ്ഥിരീകരണവുമില്ല. മൃതദേഹത്തിൽനിന്നു നീക്കിയ ഹൃദയം എവിടെയെന്നും വ്യക്തമല്ല.
ബുവാനോസ് ആരീസിലെ ബെല്ല വിസ്ത റെസിഡൻഷൽ മേഖലയിലെ സെമിത്തേരിയിലാണ് മാറഡോണയെ അടക്കിയിരിക്കുന്നത്. മാറഡോണയുടെ മാതാപിതാക്കളെയും ഇവിടെയാണു സംസ്കരിച്ചത്. മാറഡോണയുടെ മരണകാരണം സംബന്ധിച്ച് ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. ഒന്നുറപ്പ്, ആ ഓർമകൾക്കു മരണമില്ല.