സ്വന്തം ലേഖകൻ
കോഴിക്കോട്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയുടെ ഓർമയ്ക്കായി ലോകതലത്തിൽ തന്നെ എന്തെങ്കിലും ചെയ്യണമെന്ന ദൃഢനിശ്ചയത്തിലാണ് ഡോ. ബോബി ചെമ്മണൂർ.
അടുത്ത സുഹൃത്തിന്റെ ആകസ്മിക വിടവാങ്ങലിന്റെ കടുത്ത ദുഃഖം വ്യവസായിയും മനുഷ്യസ്നേഹിയുമായ അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു.
മാറഡോണയുമായി പരിചയപ്പെടാനിടയായതും അദ്ദേഹത്തെ ലക്ഷക്കണക്കിനാരാധകരുള്ള കേരളത്തിലേക്ക് കൊണ്ടുവരാനിടയായതും ഏറെ സന്തോഷത്തോടെയും വേദനയോടെയും ഓർക്കുകയാണ് ബോബി ചെമ്മണൂർ.
“ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർക്ക് ഹൃദയത്തിലെ വിഗ്രഹമാണ് മാറഡോണ. അസാധ്യപാടവമുള്ള കളിക്കാരൻ. എന്നാൽ, അടുത്തറിയുന്നവർക്ക് അതിലധികമാണ് ഡിയേഗോ.
പണ്ട് ടിവിയിൽ ലോക കപ്പ് മത്സരങ്ങൾ കാണുമ്പോൾ ചില നിമിഷങ്ങളിൽ അറിയാതെ സ്ക്രീനിൽ തൊട്ടു മുത്തിപ്പോവാറുണ്ട്. അത് മാറഡോണയെയായിരുന്നു. അത്രയ്ക്ക് ആരാധനയായിരുന്നു.
ദുബായിൽ വച്ച് മാറഡോണയെ കാണാൻ പലതവണ ശ്രമിച്ചു. നടന്നില്ല. ഒടുവിൽ ഒരവസരം കിട്ടിയതാണ് വഴിത്തിരിവായത്. ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കുക എന്നതു മാത്രമായിരുന്നു ആഗ്രഹം.
അതിലധികമെന്തെങ്കിലും ആഗ്രഹിക്കുക എന്നത് അക്കാലത്ത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം. ഇന്ത്യയിലെ വമ്പൻ കോർപറേറ്റുകൾക്ക് മാറഡോണയെ സമീപിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്നോർക്കണം.
ആ കൂടിക്കാഴ്ചയിൽ ഫോട്ടോ എടുത്തു. അതിനിടയിൽ എന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടേതടക്കം വീഡിയോകൾ കാണിച്ചു. പ്രവർത്തനം വിവരിച്ചു.
ഇതെല്ലാമറിഞ്ഞപാടെ എന്നെ കെട്ടിപ്പിടിച്ചുമ്മവച്ച് എല്ലാ പിന്തുണയും അറിയിക്കുകയായിരുന്നു. അങ്ങനെയാണ് മാറഡോണ ഞങ്ങളുടെ ബ്രാൻഡ് അംബാസഡറാകുന്നത്. എവിടെ വിളിച്ചാലും വരാമെന്ന് അറിയിക്കുകയും ചെയ്തു.
സ്വന്തം രാജ്യത്തിനുവേണ്ടി കളിക്കാനുള്ള തീരാത്ത ആഗ്രഹമാണ് മാറഡോണയെ വ്യത്യസ്തനാക്കുന്നത്. രാജ്യം കഴിഞ്ഞേയുള്ളു അദ്ദേഹത്തിന് ക്ലബ്.
ആ നിലപാടിന്റെ പേരിലാണ് അദ്ദേഹം ലയണൽ മെസിയോട് അകലുന്നതും. ഒരിക്കൽ മെസിയേയും ചെമ്മണൂർ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറാക്കാൻ ആലോചിച്ചതാണ്.
കേട്ടപാടെ മാറഡോണ രൂക്ഷമായാണ് പ്രതികരിച്ചത്. അതോടെ അതുപേക്ഷിച്ചു. സഹോദരനെപ്പോലെ കരുതിയിരുന്ന മെസി രാജ്യത്തെ അവഗണിക്കുന്നതായി തോന്നിയതാണ് മാറഡോണയെ പ്രകോപിപ്പിച്ചത്.
വ്യക്തിയെന്ന നിലയിൽ കൊച്ചുകുട്ടിയെപ്പോലാണ്. അപ്പപ്പോൾ തോന്നുന്നതുപോലെ പ്രതികരിക്കും. അടുത്ത നിമിഷം മറ്റൊരാളാകും. ഇത് അദ്ദേഹം കണ്ണൂരിലെത്തിയപ്പോൾ ഞാൻ നേരിട്ട് അനുഭവിച്ചതാണ്.
രാത്രി ആരാധകരുടെ മുദ്രാവാക്യം വിളി കാരണം അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. രാവിലെയാണ് ഉറങ്ങിയത്. ജ്വല്ലറി ഉദ്ഘാടനത്തിന് സമയമായപ്പോൾ വിളിക്കാതെ നിവൃത്തിയില്ലാതായി.
അതദ്ദേഹത്തിന് തീരെ രസിച്ചില്ല. തലയണ വലിച്ചെറിഞ്ഞ് കോപാകുലനായി. എന്നെ അടിച്ചില്ലെന്നേയുള്ളൂ. ഉദ്ഘാടനമൊക്കെ നാളെ എന്നു പറഞ്ഞ് വീണ്ടും ഉറങ്ങാൻ പോയി.
ടെൻഷൻ കാരണം കണ്ണു കാണാത്ത അവസ്ഥയിൽ അൽപ്പസമയം കഴിഞ്ഞ് വീണ്ടും വിളിക്കാൻ ചെന്നു. അപ്പോൾ എന്റെ കണ്ണുനിറഞ്ഞിരുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് പുറത്തു കാത്തിരിക്കുന്നത്.
മാറഡോണ ചെന്നില്ലെങ്കിൽ എന്റെ ജീവനു തന്നെ ഭീഷണിയാവും. ഇക്കാര്യം അദ്ദേഹത്തെ ടിവിയിലെ തൽസമയ ദൃശ്യങ്ങൾ കാണിച്ചും മറ്റും ബോധ്യപ്പെടുത്തി.
എന്റെ ദയനീയസ്ഥിതി തിരിച്ചറിഞ്ഞാവണം കുളിക്കാൻ പോലും കാത്തുനിൽക്കാതെ അദ്ദേഹം വേദിയിലെത്തുകയും ആടിയും പാടിയും സജീവമാകുകയും ചെയ്തു. അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.
അവസാനം വരെ പഴയ കാലത്തിൽ ജീവിച്ചയാളായിരുന്നു. കാശുണ്ടാക്കും. ചെലവാക്കും. കണക്കുവയ്ക്കലൊന്നുമില്ല. കംപ്യൂട്ടറും ആധുനിക മൊബൈലുകളുമെല്ലാം അന്യമായിരുന്നു.
മരുന്നിൽ ഉത്തേജകമരുന്നു ചേർത്ത് ചതിച്ചതാണെന്ന് എപ്പോഴും പറയുമായിരുന്നു. കളിക്കുന്ന കാലത്ത് ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും പറയാറുണ്ട്.
പേരക്കുട്ടിയായ ബെഞ്ചമിനെ വലിയ ഇഷ്ടമായിരുന്നു. പഴ്സിലുള്ള ഫോട്ടോ എടുത്ത് ദിവസം പത്തു പ്രാവശ്യമെങ്കിലും മുത്തും. അവനേയും ഫുട്ബോൾ പരിശീലിപ്പിച്ചിരുന്നു.’
ഒരിക്കൽ കൂടി കേരളത്തിൽ വരണമെന്ന ആഗ്രഹമുണ്ടായിരുന്നു മാറഡോണയ്ക്ക്. അതു നടക്കാതെ പോയതിലുള്ള വേദനയോടെ ബോബി ചെമ്മണൂർ പറഞ്ഞു നിർത്തി.