എം.ജി. ലിജോ
ബുവാനോസ് ആരീസ്, അതായിരുന്നു ആ നഗരത്തിന്റെ പേര്. ഡിയേഗോ അർമാൻഡോ മാറഡോണ എന്ന കുറിയ മനുഷ്യന്റെ ജനനത്തേക്കാൾ മുന്പേ പ്രശസ്തമായ നഗരം.
എന്നാൽ, ഈ നഗരത്തിന്റെ പൊലിമയിൽ നിന്നെല്ലാം വിട്ടുമാറി ഇടുങ്ങിയ ഒരു ചേരിയിലായിരുന്നു മാറഡോണ പിറന്നുവീണത്. ലാനൂസ് എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. കുറ്റവാളികളുടെയും ക്രിമിനലുകളുടെയും സങ്കേതമെന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല.
അത്രയേറെ കുപ്രസിദ്ധമായിരുന്നു പാവപ്പെട്ടവർ തിങ്ങിപ്പാർത്തിരുന്ന അവിടം. മാറഡോണ എന്ന ഫുട്ബോളർക്കപ്പുറം അദേഹത്തിന്റെ വ്യക്തിജീവിതത്തിലെ ദുരന്തങ്ങൾക്കെല്ലാം ലാനൂസിനൊരു പങ്കുണ്ട്.
പിതാവ് ഡിയേഗോ സീനിയറിനും ഭാര്യ ഡാൽമയ്ക്കും മൂന്നു പെണ്മക്കൾക്കുശേഷമുണ്ടായ ആണ്തരിയായിരുന്നു മാറഡോണ. ചെറിയ വരുമാനത്തിൽ കുടുംബം പുലർത്തിയിരുന്ന പിതാവും മാതാവും അതിരാവിലെ തന്നെ ജോലിക്ക് പോയിരുന്നു.
ലാനൂസിലെ കുട്ടികൾക്കൊരു പ്രത്യേകതയുണ്ട്. അവർ ചെറുപ്രായത്തിൽ തന്നെ സ്വന്തം കാലിൽ നില്ക്കാൻ പരിശ്രമിക്കും, മറ്റേതൊരു ലാറ്റിനമേരിക്കൻ നഗരങ്ങളിലെ കുട്ടികളെയുമെന്നപ്പോലെ.
ചെറുപ്പത്തിൽ സിഗരറ്റ് പാക്കറ്റുകൾ വിറ്റായിരുന്നു മാറഡോണ വട്ടച്ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. മൂന്നാം പിറന്നാളിനാണ് മാറഡോണയുടെ ജീവിതത്തിലെ വഴിത്തിരിവുണ്ടാകുന്നത്.
അവന്റെ അങ്കിൾ പിറന്നാൾദിനത്തിൽ സമ്മാനിച്ചത് ഒരു തുകൽപ്പന്തായിരുന്നു. ആ പന്തും ലാനൂസിലെ തെരുവുമായിരുന്നു പിന്നീട് ആ കൊച്ചുകുട്ടിയുടെ ലോകം.
പലപ്പോഴും കൊച്ചു ഡിയേഗോ തന്റെ തുകൽപ്പന്തിനെ സ്വന്തം ഷർട്ടിനകത്ത് തിരുകി കയറ്റിയായിരുന്നു ഉറങ്ങിയിരുന്നത്. പന്തിലൊരു നോട്ടമുണ്ടായിരുന്ന തെരുവിലെ മറ്റു കുട്ടികൾ അത് മോഷ്ടിക്കുമോയെന്ന് അവൻ ഭയന്നിരുന്നു.
ഫുട്ബോൾ തലയിൽ കയറിയ മകനുമായി അമ്മയ്ക്ക് പലപ്പോഴും വഴയ്ക്കടിക്കേണ്ടി വന്നിട്ടുണ്ട്. മകനെ പഠിപ്പിച്ച് മിടുക്കനാക്കി നല്ലൊരു അക്കൗണ്ടന്റാക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
അങ്ങനെ കുടുംബം രക്ഷപ്പെടുമല്ലോയെന്ന് ഏതൊരു അമ്മയെപോലെ ഡാൽമയും ചിന്തിച്ചിരുന്നത്. ഫുട്ബോൾ മാത്രമാണ് മകന്റെ ലോകമെന്നറിഞ്ഞ ആ അമ്മ പിന്നെ അവന്റെ ഏറ്റവും വലിയ പിന്തുണക്കാരിയായി മാറിയെന്നതും ചരിത്രം.
മാറഡോണ എന്ന ഫുട്ബോളറുടെ ഉദയത്തിലും വളർച്ചയിലും പിതാവ് ഡിയേഗോ സീനിയറിന്റെ പങ്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. ഇറ്റലിയിലെ കൊറിന്ത്യാസിൽ നിന്ന് അർജന്റീനയിലേക്ക് കുടിയേറിയ ഡിയേഗോ സീനിയർ നല്ലൊരു അധ്വാനിയായിരുന്നു.
ഉറച്ച ക്രൈസ്തവ വിശ്വാസിയായിരുന്ന അദേഹം പലപ്പോഴും മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്തു. വീട്ടിലെ ദാരിദ്ര്യം തന്റെ വിയർപ്പുതുള്ളികളാൽ മറയ്ക്കാൻ അദേഹം ശ്രമിച്ചു.
ചെറുപ്പകാലത്ത് മറഡോണയുടെ ഫുട്ബോൾ പരിശീലനത്തിനുള്ള ചെലവ് കണ്ടെത്താൻ ഡിയാഗോ കഷ്ടപ്പെട്ടിരുന്നു. പില്ക്കാലത്ത് മറഡോണ അർജന്റീനയ്ക്കായി കളിച്ച ഒരൊറ്റ മത്സരം പോലും മാതാപിതാക്കൾ കാണാതിരുന്നിട്ടില്ല.
മാതാപിതാക്കൾക്ക് നല്ലൊരു വീട് സ്വന്തമാക്കാൻ വേണ്ടിയാണ് താൻ പ്രഫഷണലായി ഫുട്ബോൾ കളിച്ചു തുടങ്ങിയതെന്ന് മറഡോണ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഫുട്ബോൾ മാത്രമായിരുന്നു മാറഡോണയുടെ ജീവിതം. കളിയോട് ഒരിക്കലും കളവുകാണിക്കാതിരുന്ന മറഡോണയ്ക്ക് പക്ഷേ സ്വകാര്യ ജീവിതം പലപ്പോഴും അസ്വസ്ഥതകൾ നിറഞ്ഞതായിരുന്നു.
മയക്കുമരുന്നും അധോലോക സംഘങ്ങളുമായുള്ള ബന്ധവും വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളുമെല്ലാം മരണംവരെ വേട്ടയാടിയിരുന്നു. ഒരുപക്ഷേ ലാനൂസിലെ ആ ചേരി തന്നെയാകാം പിൻകാലത്തെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടാകുക.
നിരവധി സ്ത്രീകൾ മാറഡോണയുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ, നിയമപരമായി വിവാഹം കഴിച്ചത് ഒരാളെ മാത്രമായിരുന്നു. ക്ലൗഡിയ വില്ലാഫനെ ആയിരുന്നു അത്. 1984 മുതൽ 2004 വരെ നീണ്ടുനിന്നു ആ വിവാഹജീവിതം.
ഒരുപക്ഷേ ആ ദാന്പത്യം പാതിവഴിയിൽ അവസാനിച്ചിരുന്നില്ലെങ്കിൽ ഇന്നും മാറഡോണയെ നമുക്ക് ജീവനോട് കാണാൻ സാധിച്ചേനെ. ക്ലൗഡിയയുമായുള്ള വിവാഹമോചനത്തിനുശേഷം മാറഡോണയുടെ ജീവിതം കൂടുതൽ സംഘർഷഭരിതമായിരുന്നു.
ഫിഡലിന്റെ ചങ്ങാതി
കളത്തിൽ മാത്രമല്ല ജീവിതത്തിലും ഒരു വിപ്ലവകാരിയായിരുന്നു മാറഡോണ. ആ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയവരിലൊരാൾ മുൻ ക്യൂബൻ പ്രസിഡന്റായിരുന്ന ഫിഡൽ കാസ്ട്രോയായിരുന്നു.
ചെഗ്വേരയും കാസ്ട്രോയുമായിരുന്നു അദേഹത്തിന്റെ മാർഗദർശികൾ. മാറഡോണയുടെ വലംകൈയിൽ ചെഗ്വേരയും ഇടംകാലിൽ കാസ്ട്രോയും ടാറ്റുവായി മരണം വരെ ഉണ്ടായിരുന്നു.
1986ലെ ലോകകപ്പ് വിജയത്തിനുശേഷം മാറഡോണ ആദ്യം പോയത് ക്യൂബയിലേക്കായിരുന്നു. കാസ്ട്രോയെ കണ്ട് തന്റെ വിഖ്യാതമായ പത്താം നന്പർ ജഴ്സിയും സമ്മാനിച്ചാണ് മടങ്ങിയത്. അത്രയേറെ ദൃഢമായിരുന്നു അവരുടെ സൗഹൃദം.
ഇടക്കാലത്ത് മാറഡോണയെ മയക്കുമരുന്നിൽ നിന്ന് വിടുതലേകാൻ നാലുവർഷത്തോളം ക്യൂബയിൽ നിർത്തി കാസ്ട്രോ ചികിത്സിപ്പിച്ചു. ക്യൂബയുടെ അതിഥിയായിട്ടായിരുന്നു മാറഡോണ അവിടെ കഴിഞ്ഞിരുന്നത്.
2016 നവംബർ 25ന് കാസ്ട്രോ മരിച്ചപ്പോൾ എനിക്കെന്റെ രണ്ടാമത്തെ പിതാവിനെയും നഷ്ടപ്പെട്ടെന്നു പറഞ്ഞു വിലപിച്ച മാറഡോണയെ ആർക്കാണ് മറക്കാൻ സാധിക്കുക. ഒടുവിൽ നാലുവർഷങ്ങൾക്കിപ്പുറം മറ്റൊരു നവംബർ 25ന് മാറഡോണയും ഓർമയായി.