ബുവാനോസ് ആരീസ്: അന്തരിച്ച അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ഡിയേഗൊ മാറഡോണയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ക്യൂബക്കാരിയായ മുൻ കാമുകി രംഗത്ത്.
കൗമാരക്കാരിയായിരുന്ന സമയത്ത് മാറഡോണ ബലാത്സംഗം ചെയ്തതായും മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചതായും മുപ്പത്തേഴുകാരിയായ മാവിസ് ആൽവറസ് റെഗൊ വെളിപ്പെടുത്തി.
2001ൽ തനിക്ക് 16 വയസ് മാത്രമുള്ളപ്പോഴായിരുന്നു സംഭവം. തന്റെ മകൾക്ക് 15 വയസ് തികഞ്ഞതിനാലാണു ജീവിതത്തിലെ ദുരന്ത നിമിഷത്തെക്കുറിച്ച് തുറന്നുപറയാൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
മാറഡോണയുമായി അഞ്ചു വർഷത്തോളം നീണ്ട ബന്ധത്തിനിടെ തനിക്കു കൊടിയ മർദനങ്ങളും പീഡനങ്ങളും ഏൽക്കേണ്ടി വന്നതായും കഴിഞ്ഞ ആഴ്ച മാവിസ് ബുവാനോസ് ആരീസിലെ കോടതിൽ വെളിപ്പെടുത്തിയിരുന്നു.
മാറഡോണയുടെ കൂടെയുണ്ടായിരുന്ന നാലു പേർക്കെതിരേ മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ചുമത്തിയുള്ള ഒരു കേസിൽ സാക്ഷി പറയാനെത്തിയപ്പോഴായിരുന്നു മാവിസിന്റെ വെളിപ്പെടുത്തൽ. പരാതിപ്പെട്ടില്ലെങ്കിലും ഒരു അർജന്റൈൻ എൻജിഒ നൽകിയ പരാതിയിലാണു മാവിസ് സാക്ഷി പറയാൻ എത്തിയത്.
അമേരിക്കൻ മാധ്യമങ്ങളിൽ മാവിസ് അടുത്തേിടെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ‘ഫൗണ്ടേഷൻ ഓഫ് പീസ്’ എന്ന സംഘടന കേസ് കൊടുത്തത്. മനുഷ്യക്കടത്ത്, നിർബന്ധിത അടിമത്തം, ആക്രമണം എന്നിവയുമായി ബന്ധപ്പെട്ടതാണു പരാതി. അതേസമയം, മാറഡോണയുടെ ജോലിക്കാരായിരുന്ന അഞ്ചു പേർ ആരോപണങ്ങൾ നിഷേധിച്ചു.
ഒരാൾ സംഘടനയ്ക്കെതിരേ പരാതി നൽകി. ക്യൂബൻ നേതാവായിരുന്ന ഫിഡൽ കാസ്ട്രോയോടൊപ്പമുള്ളതുൾപ്പെടെ മാറഡോണയും മാവിസും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളുണ്ട്. ക്യൂബയിൽ ഡീഅഡിക്ഷൻ ചികിത്സയിലിരിക്കേയാണു മാവിസുമായി മാറഡോണ പരിചയപ്പെട്ടത്.
നാളെയാണു മാറഡോണയുടെ ഒന്നാം ചരമവാർഷികം. മാറഡോണയുടെ ഭൗതിക ശരീരം ഹൃദയം ഇല്ലാതെയാണ് സംസ്കരിച്ചതെന്ന റിപ്പോർട്ടും ഇതിനിടെ പുറത്തുവരുന്നുണ്ട്.