ഫുട്ബോൾ ലോകത്തെ മാത്രമല്ല കയികലോകത്തെതന്നെ കംപ്ലീറ്റ് എന്റർടെയ്നറായിരുന്നു ഡീഗോ മറഡോണയെന്ന അർജന്റീനക്കാരൻ. കളിക്കളത്തിൽ “ദൈവത്തിന്റെ കൈ’യുടെ 34 വർഷത്തെ ഓർമകൾ ബാക്കിയാക്കിയാണ് മറഡോണ വിടവാങ്ങുന്നത്.
1986 ജൂണ് 22-ന് മെക്സിക്കോ സിറ്റിയിലെ അസ്റ്റെക്ക സ്റ്റേഡിയത്തിൽ 1,14,000 ഓളം കാണികളെ സാക്ഷിയാക്കിയാണ് ഡീഗോ മറഡോണ അത്ഭുതങ്ങളുടെ രാജകുമാരൻ പട്ടത്തിലേക്ക് ഇടിച്ചുകയറിയത്.
1986 ലെ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും ട്രോഫിയോട് അടുക്കുകയാണ്.
ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചപ്പോൾ 51-ാം മിനിറ്റിലാണ് ഫുട്ബോൾ നിരീക്ഷകരെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച് അർജന്റീന ക്യാപ്റ്റനായിരുന്ന ഡീഗോ മറഡോണ കൈ കൊണ്ടു വല കുലുക്കിയത്.
ജോർജ് വാൽദാനോ നൽകിയ പന്ത് ഇംഗ്ലണ്ടിന്റെ വിഖ്യാത ഗോൾ കീപ്പർ പീറ്റർ ഷിൽട്ടന്റെ തലയ്ക്കു മുകളിലൂടെ ചാടി കൈ കൊണ്ടു തട്ടി ഗോളാക്കുകയായിരുന്നു മറഡോണ.
കളി നിയമത്തിനെതിരായ ഗോളായിരുന്നെങ്കിലും കായിക ലോകം ഇതിനെ ദൈവത്തിന്റെ കൈ എന്നു വിളിച്ചു. കൈകൊണ്ടു ഗോൾ നേടിയ സമയത്ത് ടീമംഗങ്ങൾ വന്നു എന്നെ അഭിനന്ദിക്കുമെന്നു കരുതി.
എന്നാൽ സഹതാരങ്ങൾ അതിനുമടിച്ചു, റഫറി ഗോൾ വിധിക്കില്ല എന്ന് ഭയന്ന് അതുണ്ടായില്ല. തന്നെ വന്നു കെട്ടിപ്പിടിക്കാൻ അവരോട് ആവശ്യപ്പെട്ടു.
മറഡോണ കൈകൊണ്ട് പന്ത് തട്ടി വലയിലാക്കിയത് ഇംഗ്ലണ്ട് ഗോളി ചോദ്യം ചെയ്തെങ്കിലും ടുണീഷ്യൻ റഫറി അലി ബിൻ നാസർ ഇത് കാര്യമാക്കിയില്ല. ലൈൻ റഫറി ഡോചെവ് ഇത് ഹാൻഡ് ബോൾ വിധിക്കാഞ്ഞതാണ് കാരണം.
ആദ്യ ഗോൾ നേടി നാലു മിനിറ്റ് മാത്രം കഴിഞ്ഞപ്പോഴാണ് കായിക ലോകത്തെ അത്ഭുതപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളും മറഡോണ നേടിയത്.
മിഡ്ഫീൽഡർ ഹെക്ടർ എന്റിക്ക് നൽകിയ പാസ് സ്വീകരിച്ച് എതിർ പോസ്റ്റിന്റെ 60 യാർഡ് അകലെ നിന്നു പന്തുമായി കുതിച്ച മറഡോണ ഇംഗ്ലണ്ടിന്റെ പീറ്റർ ബേഡ്സ്ലി, പീറ്റർ റെയ്ഡ്, ടെറി ഫെൻവിക്ക് എന്നിവരെയും ടെറി ബുച്ചറെ രണ്ടു തവണയും മറികടന്ന് പീറ്റർ ഷിൽട്ടനെ കാഴ്ചക്കാരനാക്കി ഇംഗ്ലീഷ് വല കുലുക്കി. പാസ് സ്വീകരിച്ച് മറഡോണ 10 സെക്കൻഡ് കൊണ്ട് ലക്ഷ്യം കണ്ടു.
മത്സരം ഒന്നിനെതിരേ രണ്ടുഗോളുകൾക്കു ജയിച്ച അർജന്റീന സെമിയിൽ ബെൽജിയത്തെയും ഫൈനലിൽ പശ്ചിമ ജർമനിയെയും കീഴടക്കി ലോക കിരീടത്തിൽ മുത്തമിട്ടു.
അന്നു പരാജയപ്പെടുത്തിയത് ഫുട്ബോൾ ടീമിനെയായിരുന്നില്ല ഒരു രാജ്യത്തെ തന്നെയാണെന്നു പിൽക്കാലത്ത് മറഡോണ കുറിച്ചു.
അറുപതാം ജ·ദിനം ആഘോഷിക്കുന്പോൾ പോലും ഇനിയും പൂർത്തിയാകാത്ത എന്തെങ്കിലും സ്വപ്നം ബാക്കിയുണ്ടോ എന്ന് ചോദിക്കുന്പോൾ അയാൾ പറയുന്നത് ഇങ്ങനെ:
ഇംഗ്ലണ്ടിനെതിരെ ഒരിക്കൽ കൂടി ദൈവത്തിന്റെ കൈ പ്രയോഗത്തിലൂടെ ഗോളടിക്കണം, ഇത്തവണ പക്ഷേ വലത് കൈ കൊണ്ടാകണം. ആർക്കാണ് ഇങ്ങനെ പറയാനാവുക, മറഡോണയ്ക്കല്ലാതെ!