ടുനിസ്: ദൈവത്തിന്റെ കൈയും ഫുട്ബോൾ മാന്ത്രികന്റെ തിരുനെറ്റിയും ചേർന്ന് ചരിത്രത്തിൽ ചാലിച്ചെഴുതിയ തുകൽപന്തിന് പുതിയ അവകാശിയെ ലഭിക്കും.
1986 ലോകകപ്പിൽ സുപ്രസിദ്ധിയും കുപ്രസിദ്ധിയും സമാസമം ഒഴുകിയെത്തിയ ഡിയഗോ മറഡോണയുടെ “ദൈവത്തിന്റെ കൈ’ ഗോൾ സ്കോർ ചെയ്യാനുപയോഗിച്ച പന്ത് ലേലത്തിൽ വിൽക്കാൻ വിവാദ ഗോൾ അനുവദിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസർ തീരുമാനിച്ചു.
ഗ്രഹാം ബഡ് ലേലക്കന്പനി നവംബർ 16-ന് ബ്രിട്ടനിൽ പന്ത് വിൽപനയ്ക്ക് എത്തിക്കും. പന്തിന് 2.7 മില്യൺ ഡോളർ മുതൽ 3.3 മില്യൺ ഡോളർ വരെ വില ലഭിക്കാൻ സാധ്യതയുണ്ട്. ഇതേ മത്സരത്തിൽ മറഡോണ ധരിച്ചിരുന്ന ജേഴ്സിക്ക് 9.3 മില്യൺ ഡോളർ ലഭിച്ചിരുന്നു.
1986 മെക്സിക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോൾ അനുവദിച്ച നാസറിന്റെ നടപടി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദമായ തീരുമാനങ്ങളിലൊന്നാണ്.
കൃശഗാത്രനായ മറഡോണയ്ക്ക് ഇംഗ്ലീഷ് പ്രതിരോധ താരങ്ങളെ മറികടന്ന് പന്തിൽ തല വയ്ക്കാൻ സാധിക്കില്ലെന്ന് ഗോളി പീറ്റർ ഷിൽട്ടൺ അടക്കമുള്ളവർ പരാതി ഉന്നയിച്ചിരുന്നെങ്കിലും നാസർ ചെവിക്കൊണ്ടില്ല.
ദൈവത്തിന്റെ കൈ നൽകിയ ആവേശത്തിൽ 68 മീറ്റർ ഓടിയെത്തി ആറ് ഇംഗ്ലീഷ് താരങ്ങളെ മറികടന്ന് ഡീഗോ നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ എന്നാണ് അറിയപ്പെടുന്നത്.
മത്സരം 2-1 എന്ന സ്കോറിൽ ജയിച്ച അർജന്റീന ഫൈനലിൽ പടിഞ്ഞാറന് ജർമനിയെ കീഴടക്കി ലോകചാന്പ്യന്മാരായി.
മത്സരത്തിൽ നാസറിന്റെ കൈവശമുള്ള പന്ത് മാത്രമാണ് ഉപയോഗിച്ചിരുന്നത് എന്ന വസ്തുത ലേലത്തുക ഉയരാൻ കാരണമാകും.
ഇതേ മത്സരത്തിൽ നാസർ ധരിച്ചിരുന്ന റഫറിക്കുപ്പായവും തന്റെ പ്രിയ സുഹൃത്തിന് മറഡോണ പിന്നീട് സമ്മാനിച്ച അർജന്റീന ജേഴ്സിയും ലേലത്തിൽ വിൽപ്പനയ്ക്കെത്തും.