മലപ്പുറം: ഫുട്ബോൾ മാന്ത്രികൻ ഡീഗോ മാറഡോണയുടെ വേർപ്പാട് ജില്ലയിലെ ഫുട്ബാൾ ആരാധകരെ ദു:ഖിതരാക്കി.
ഞെട്ടലോടെയാണ് ആരാധകർ മാറഡോണയുടെ വിടവാങ്ങൽ ഉൾകൊണ്ടത്. മാറഡോണയുടെയും അർജന്റീനയുടെയും കടുത്ത ആരാധകരുടെ വലിയ കൂട്ടങ്ങളാണ് മലപ്പുറത്തുള്ളത്.
1986-ലെ മെക്സിക്കോ ലോകകപ്പിനു ശേഷമാണ് ഈ ആരാധന കടുത്തത്. ഒറ്റയാൾ പോരാട്ടത്തിലൂടെ അർജന്റീനയെ നയിച്ചു ലോകകിരീടം നേടികൊടുത്ത നായകനെ നെഞ്ചേറ്റുകയായിരുന്നു ആരാധകർ.
അതു പിന്നീടങ്ങോട്ടു ഓരോ ലോകകപ്പിലും ആഘോഷമാക്കി മാറ്റി. അർജീനയുടെ ഇളം നീലയും വെള്ളയും കലർന്ന നിറത്തിലുള്ള ജഴ്സി ഒരു തരംഗമായി മാറുകയായിരുന്നു.
മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ മാറഡോണ നേടിയ ഗോളും ഏങ്ങും ചർച്ചാ വിഷയമായി മാറി. മലപ്പുറത്തെ ആരാധകർ ഏറെ പേരും ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിലൂടെയാണ് അന്നത്തെ കളി ഏറെ പേർ കണ്ടത്. പലർക്കും ഇന്നും അതൊരു തെളിഞ്ഞ ഓർമയാണ്.
ടിവി ഷോറുമുകളുടെ നേതൃത്വത്തിലായിരുന്നു അന്ന് കാര്യമായി ഫുട്ബോൾ പ്രദർശനം നടന്നിരുന്നത്. ക്ലബുകളിലും വീടുകളിലും ടിവി അത്രയെക്കൊന്നും പ്രചാരമായിട്ടില്ല. ജൂണ് മാസത്തെ മഴക്കാലത്തായിരുന്നു മത്സരം ആരംഭിച്ചത്.
ഒടുവിൽ ജർമനിയെ തോൽപ്പിച്ചു അർജന്റീനയുടെ മാറഡോണ ലോക കിരീടം നേടുന്പോൾ അതൊരു ആഘോഷമായി മാറി. കാലമെത്ര കഴിഞ്ഞിട്ടും ഈ പ്രകടനം മറക്കാനാകില്ല.
ആരാധകരുടെ ഇഷ്ടകളിക്കാരനായിരുന്നു മാറഡോണ. ഇന്ത്യയിൽ കൊൽക്കത്തയിൽ ആദ്യമായി മറഡോണ വന്നപ്പോഴും അദ്ദേഹത്തെ കാണാൻ പോയ കടുത്ത ആരാധകർ മലപ്പുറത്തുണ്ട്.
അതുകഴിഞ്ഞു വർഷങ്ങൾക്കുശേഷം അദ്ദേഹം ഒരു സ്വകാര്യ പരിപാടിയിൽ കണ്ണൂരിലെത്തിയപ്പോഴും മലപ്പുറത്തെ കളിക്കന്പക്കാർ കണ്ണൂരിലെത്തി. വൻജനക്കൂട്ടത്തിനിടയിൽ ഇഷ്ടതാരത്തെ ഒരു നോക്കു കണ്ടു അവർ തൃപ്തിയടഞ്ഞു.
മാറഡോണ ഇന്ത്യയുടെ കറുത്തമുത്ത് ഐ.എം വിജയനോടൊപ്പം പന്തു ഹെഡ് ചെയ്തു കളിച്ചതും ഓർമയായി കഴിഞ്ഞു. അന്ന് പ്രത്യേക ക്ഷണിതാക്കളിൽ മലപ്പുറത്തെ എംഎസ്പിയുടെ മുൻ കമാൻഡന്റായിരുന്ന യു. ഷറഫലിയും ഉണ്ടായിരുന്നു.
കൂടെ ഇന്ത്യൻ താരമായിരുന്ന ജോപോൾ അഞ്ചേരിയുമുണ്ടായിരുന്നു. ആർപ്പുവിളികളോടെയാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള ആരാധകർ മാറഡോണയെ വരവവേറ്റത്.
മലപ്പുറത്തെ ഒട്ടനവധി ആരാധകരുടെ ഹൃദയം നിറഞ്ഞ ദിവസമായിരുന്നു അത്. ഒടുവിൽ ഇതിഹാസ താരത്തിന്റെ വേർപാട് താങ്ങാനാകാത്ത വിങ്ങലായി.
മാറഡോണയുടെ വിയോഗത്തെത്തുടർന്നു ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആരാധകർ അനുശോചന യോഗം നടത്തി.