റോം: ഡിയേഗോ മാറഡോണ ഫുട്ബോൾ മൈതാനത്തെ കവിയായിരുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ.
ഇറ്റലിയിലെ സ്പോർട്സ് ദിനപത്രമായ ലാ ഗെസറ്റ ഡെല്ലോ സ്പോർട്ടിന് നല്കിയ അഭിമുഖത്തിലാണ്, നവംബറിൽ അന്തരിച്ച അർജന്റൈൻ ഫുട്ബോൾ ഇതിഹാസത്തെ മാർപാപ്പ അനുസ്മരിച്ചത്.
2014-ൽ വത്തിക്കാനിൽ മാറഡോണയുമായി കൂടിക്കാഴ്ച നടത്തി. ദശലക്ഷങ്ങൾക്കു സന്തോഷം നല്കിയ കളിക്കാരനായിരുന്നു അദ്ദേഹം. അതുപോലെ ലോലനായ മനുഷ്യനുമായിരുന്നു.
മാറഡോണയുടെ മരണവിവരം അറിഞ്ഞപ്പോൾ അദ്ദേഹത്തിനായി പ്രാർഥിച്ചു. ആശ്വാസവചനങ്ങളോടെ ഒരു കൊന്ത മാറണോഡയുടെ കുടുംബത്തിന് അയച്ചുകൊടുത്തു.
അർജന്റീനക്കാരനായ മാർപാപ്പ കുട്ടിയായിരിക്കേ ബുവേനോസ് ആരീസിൽ ഫുട്ബോൾ കളിച്ചിരുന്നതിന്റെ ഓർമകളും അഭിമുഖത്തിൽ പങ്കുവച്ചു. ഞങ്ങൾ പാവങ്ങളായിരുന്നു.
തുകൽ പന്തു വാങ്ങാൻ പണമില്ലായിരുന്നു. റബർ പന്തുകൾ പ്രചാരത്തിലില്ലായിരുന്നു. പഴംതുണി കൊണ്ടുണ്ടാക്കിയ പന്താണ് കളിക്കാനുപയോഗിച്ചിരുന്നത്.
കളിയിൽ കേമനല്ലായിരുന്നതുകൊണ്ട് ഗോൾഗീപ്പറായി. പക്ഷേ, എവിടെനിന്നും വരുന്ന അപകടങ്ങളെ നേരിടാൻ പഠിച്ചത് അവിടെനിന്നാണ്. ടീം വർക്കിന്റെ പ്രാധാന്യം പഠിച്ചതും ഫുട്ബോളിൽനിന്നാണെന്നു മാർപാപ്പ പറഞ്ഞു.