മരട്: കുമ്പളത്ത് അർജുൻ എന്ന യുവാവിനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ അർധരാത്രി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തതിൽ ദുരൂഹതയെന്ന് ആക്ഷേപം. പകൽ സമയത്തുപോലും എത്തിപ്പെടാൻ പറ്റാത്ത ചതുപ്പു പ്രദേശത്ത് രാത്രിയെത്തി തെളിവെടുത്തെന്നു പോലീസ് പറയുന്നതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.
ഇതിനിടെ തിങ്കളാഴ്ച പോലീസ്കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ജയിലിലേക്കു തിരികെ അയച്ചു. പ്രതികളായ അനന്ദു, നിബിൻ പീറ്റർ, റോണി, അജിത് കുമാർ എന്നീ പ്രതികളെയാണ് തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യലിനുമായി മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
തിങ്കളാഴ്ച വൈദ്യ പരിശോധനയ്ക്കു ശേഷം പനങ്ങാട് സ്റ്റേഷനിൽ കൊണ്ടുവന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്തതായും സംഭവം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയെന്നും പനങ്ങാട് പോലീസ് പറഞ്ഞു.