മരട്: സർവീസ് സഹകരണ ബാങ്കിൽനിന്ന് ഇടപാടുകാരിക്ക് വ്യാജ നോട്ട് ലഭിച്ചതായി പരാതി. നെട്ടൂർ വെളീപറമ്പിൽ രാധാ ഗോപാലനാണ് (75) പരാതി ഉന്നയിച്ചത്. വിധവാ പെൻഷൻ തുക മരട് സർവീസ് സഹകരണ ബാങ്കിന്റെ നെട്ടൂർ ശാഖയിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചുവരുന്നത്. കൊച്ചുമകൾക്ക് സ്വർണം വാങ്ങുന്നതിനായി 28ന് ബാങ്കിന്റെ നെട്ടൂർ ശാഖയിൽനിന്ന് 78000 രൂപ പിൻവലിച്ചിരുന്നു. ലഭിച്ച തുകയിൽ 14 രണ്ടായിരത്തിന്റെ നോട്ടുമുണ്ടായിരുന്നു.
29ന് കൊച്ചിയിലെ ഭീമാ ജ്വല്ലറിയിൽനിന്ന് ആഭരണങ്ങൾ വാങ്ങിയശേഷം തുക നൽകിയപ്പോൾ രണ്ടായിരത്തിന്റെ ഒരു നോട്ട് വ്യാജ നോട്ടാണെന്ന് പറഞ്ഞ് തിരികെ നൽകി. ജ്വലറിയിലെ നോട്ട് കൗണ്ടിംഗ് മെഷീനിലൂടെയാണിത് തിരിച്ചറിഞ്ഞത്. തുടർന്ന് 30ന് ഇടപാടുകാർ ബാങ്കിലെത്തി മാനേജരോട് വിവരം പറഞ്ഞ് നോട്ട് തിരികെ നൽകി.
വ്യാജ നോട്ടാണെന്ന് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതർ ആദ്യം മാറ്റി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പിന്മാറുകയായിരുന്നെന്നും ഇടപാടുകാരി പറയുന്നു. തുടർന്ന് ഇടപാടുകാരിയുടെ മകൻ വി.ജി. അനിൽകുമാർ ഇത് സംബന്ധിച്ച് പനങ്ങാട് പോലീസിലും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. വ്യാജ നോട്ട് തിരിച്ചറിയാനുള്ള മെഷീൻ ബാങ്കിലില്ലാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും പരാതിക്കാരൻ പറയുന്നു.
എന്നാൽ ലഭിച്ച ഉടനെ തിരിച്ചു നൽകിയാൽ മാത്രമേ ബാങ്കിന് നോട്ട് മാറ്റി കൊടുക്കേണ്ടതുള്ളു എന്നും നൽകി രണ്ടു ദിവസം കഴിഞ്ഞ് കൊണ്ടുവരുന്ന നോട്ട് ബാങ്കിൽനിന്നു തന്നെ നൽകിയതാവണമെന്നില്ലെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം. കൂടാതെ വ്യാജ നോട്ട് തിരിച്ചറിയാനുള്ള സംവിധാനത്തോടുകൂടിയതാണ് ബാങ്കിലെ നോട്ട് കൗണ്ടിംഗ് മെഷീനെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.