കൊച്ചി: കുന്പളത്ത് കോണ്ക്രീറ്റ് നിറച്ച വീപ്പയ്ക്കുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ തുന്പ് തേടി പോലീസ്. അസ്ഥികൂടം ഏകദേശം മുപ്പതു വയസുള്ള യുവതിയുടേതാണെന്നും കൊലപാതകം നടത്തിയശേഷം മൃതദേഹം ഇവിടെയെത്തിച്ച് തള്ളിയതാണെന്നും അനുമാനിക്കുന്ന അന്വേഷണ സംഘം നിലവിൽ ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ്.
ശസ്ത്രക്രിയ കഴിഞ്ഞു ഇടതു കണങ്കാലിൽ സ്റ്റീൽ കന്പി ഇട്ടതു കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് കാണാതായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനു പുറമെയാണു കഴിഞ്ഞ വർഷം കണങ്കാൽ സംബന്ധിച്ച ശസ്ത്രക്രിയകൾ നടത്തിയവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നതെന്നാണു വിവരം.
അതേസമയം, ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം കണ്ടെത്തിയതു കൊലപാതകമാണെന്നു അനുമാനിക്കാൻ കഴിയില്ലെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് വ്യക്തമാക്കി. കൂടുതൽ അന്വേഷണങ്ങൾക്കും വിലയിരുത്തലുകൾക്കുംശേഷം മാത്രമേ ഇതുസംബന്ധിച്ച വ്യക്തതവരൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോറൻസിക് വിദഗ്ധരും മറ്റും നടത്തിയ പ്രാഥമിക പരിശോധനയിലാണ് അസ്ഥികൂടം ഏകദേശം മുപ്പതു വയസുള്ള യുവതിയുടേതാണെന്ന നിഗമനത്തിലെത്തിയത്. അസ്ഥികൂടത്തിന് ഒരു വർഷത്തിലധികം പഴക്കമുണ്ടെന്നാണു കരുതുന്നത്. മരിച്ചത് ആരെന്നറിയാൻ ജില്ലയിലും പുറത്തും കാണാതായ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഇതുസംബന്ധിച്ച നിർദേശങ്ങൾ അന്വേഷണ സംഘം കൈമാറി കഴിഞ്ഞു. അസാധുവാക്കിയ അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയിരുന്നതിനാൽ നോട്ട് നിരോധനത്തിനു മുന്പാണോ സംഭവം നടന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇതിനിടെ കുന്പളം പ്രദേശത്തെ ചിലരുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തി.
തിങ്കളാഴ്ച രാവിലെയാണു സ്ത്രീയുടെ അസ്ഥികൂടം കുന്പളം കായലോരത്തെ വീപ്പയ്ക്കുള്ളിൽ കണ്ടെത്തിയത്. വെള്ളി അരഞ്ഞാണം, നീളമുള്ള മുടി, വസ്ത്രാവശിഷ്ടങ്ങൾ തുടങ്ങിയവ അസ്ഥികൂടത്തിനൊപ്പമുണ്ടായിരുന്നു. നെട്ടൂർ കായലിൽ രണ്ടു മാസം മുന്പ് ചാക്കിൽ കെട്ടിയ രീതിയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിനിടയിലാണു കുന്പളത്തെ സംഭവം.