കൊച്ചി: തീരദേശപരിപാലന നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകൾ 11,12 തീയതികളിലായി പൂർണമായും തകർക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിട സമുച്ചയങ്ങൾ തകർക്കുന്നത്. ഇതിനായി ഫ്ളാറ്റുകളിൽ നാളെ മുതൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുമെന്ന് പൊളിക്കൽ കരാർ എടുത്തിട്ടുള്ള ഏജൻസികൾ പറഞ്ഞു.
ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകളിലായിരിക്കും സ്ഫോടകവസ്തുക്കൾ നാളെ നിറയ്ക്കുക. അങ്കമാലിയിലെ മഞ്ഞപ്രയിൽ കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന സ്ഫോടകവസ്തുക്കൾ നാളെ രാവിലെ ഫ്ളാറ്റുകളിലെത്തിക്കും.
അതീവ സുരക്ഷ നൽകി സ്ഫോടക വസ്തുക്കൾ പ്രത്യേകം തയാറാക്കിയ രണ്ട് വാനുകളിലായാണ് മരടിൽ എത്തിക്കുക. തുടർന്ന് ഫ്ളാറ്റുകളിലെ വിവിധ നിലകളിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന ദ്വാരങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കും.
ഹോളിഫെയ്ത്തിലായിരിക്കും ആദ്യം സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുക. ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകൾ പെളിക്കാൻ കരാറേറ്റെടുത്തിരിക്കുന്ന എഡിഫൈസായിരിക്കും ഇവിടങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുക. ആറിന് ആൽഫാസെറീൻ ഇരട്ട സമുച്ചയത്തിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കും.
ഹോളി ഫെയ്ത്ത്, ജെയ്ൻ, ഗോൾഡൻ കായലോരം ഫ്ളാറ്റുകൾ പൊളിക്കുന്നതിന് 150 കിലോ സ്ഫോടക വസ്തുക്കളും ആൽഫ സെറീനിലെ രണ്ട് ടവറുകൾക്ക് 500 കിലോഗ്രാം സ്ഫോടക വസ്തുക്കളുമാണ് ഉപയോഗിക്കുക. എമൽഷൻ എക്സ്പ്ലോസീവ് വിഭാഗത്തിൽപ്പെട്ട വസ്തുക്കളാണ് ഇവ.