കൊച്ചി: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കുന്ന മരടിലെ ഫ്ളാറ്റുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിൽ. ആദ്യദിവസം ആല്‍ഫ സെറീന്, ഹോളിഫെയ്ത്ത് എച്ച്ടുഒ എന്നീ ഫ്ളാറ്റുകളാണ് പൊളിക്കുന്നത്. ഇതില്‍ ഹോളിഫെയ്ത്ത് എച്ച്ടുഒയില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ ഞായറാഴ്ചയോടെ തന്നെ പൂര്‍ത്തിയായിരുന്നു.
ആല്‍ഫ സെറീനില്‍ ഇന്നലെ മുതല്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജനസാന്ദ്രത കൂടിയ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ആല്‍ഫ സെറീന് ഫ്ളാറ്റ് സ്ഫോടനത്തിലൂടെ പൊളിക്കുന്നതില്‍ ജനങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള ആശങ്ക കണക്കിലെടുത്ത് ഇവിടെ നിറക്കുന്ന സ്ഫോടക വസ്തുക്കളുടെ അളവില്‍ കുറവ് വരുത്തിയിട്ടുണ്ട്. ആല്‍ഫയിലെ ജോലികള്‍ നാളെയോടെ പൂര്‍ത്തിയാകും.
ജെയ്ന്‍ കോറല്‍ കോവ് ഫ്ളാറ്റില്‍ ഇനി ഒരു നില കൂടിയാണ് സ്ഫോടക വസ്തുക്കള്‍ നിറയ്ക്കാന്‍ അവശേഷിക്കുന്നത്. ഇവിടുത്തെ ജോലികള്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. 400 കിലോയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഗോള്‍ഡന്‍ കായലോരത്തില്‍ ഇന്ന് ഉച്ചയ്ക്കു ശേഷം സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്ന ജോലികൾ ആരംഭിക്കും. ഇവിടെ 15 കിലോയേ ആവശ്യമുള്ളൂ.
അതേസമയം, ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നഗരസഭയും സബ് കളക്ടറും തമ്മില്‍ വാക്പോരിലാണ്. സാന്ദ്രത കൂടിയ മേഖലയിലെ ആല്‍ഫ സെറീന് ഫ്ളാറ്റ് 11ന് രാവിലെ പൊളിക്കാനിരിക്കെ സ്ഫോടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ പറ്റി പരിസരവാസികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനെ ചൊല്ലിയാണ് നഗരസഭയും ജില്ലാ ഭരണകൂടവും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.
പരിസരവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ ഇന്ന് മരട് നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഉച്ചക്ക് 2.30നാണ് യോഗം ചേരുന്നത്. ഒഴിപ്പിക്കല്‍ സംബന്ധിച്ച സംശയങ്ങളും മറ്റു പരാതികളും പരിഗണിക്കും. ഇന്‍ഷ്വറന്‍സ് സംബന്ധിച്ച ചര്‍ച്ചകളും നടക്കും.