കൊച്ചി: മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. എച്ച്ടുഒ ഹോളിഫെയ്ത്തും ആല്‍ഫ സെറീന് ഇരട്ട ടവറുകളുമാണ് നാളെ നിലംപൊത്തുന്നത്. ഇതില്‍ ഹോളിഫെയ്ത്ത് രാവിലെ 11നും ആല്‍ഫ സെറീന് ഇരട്ട ടവറുകള്‍ 11.05നും 11.10നുമാണ് പൊളിക്കുന്നത്.
12ന് രാവിലെ 11ന് ജെയ്ന്‍ കോറല്‍ കോവും, ഉച്ചക്ക് രണ്ടിന് ഗോള്‍ഡന്‍ കായലോരവും പൊളിക്കും. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനോടനുബന്ധിച്ച് 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ നേരത്തെ തന്നെ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന് ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ളവരെ നാളെ രാവിലെ ഒമ്പതോടെ ഒഴിപ്പിക്കും.
തേവര സേക്രഡ് ഹാര്‍ട്ട് കോളജ്, പനങ്ങാട് ഫിഷറീസ് കോളജ് എന്നിവിടങ്ങളിലേക്കാണ് മാറ്റുക. ഇതിനായി വാഹന സൗകര്യമുള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രായമായ ആളുകളെ മാറ്റുന്നതിന് മെഡിക്കല്‍ സഹായമടക്കമുള്ളവ അന്നേദിവസം ലഭ്യമായിരിക്കും. നാളെ രാവിലെ 10.30ന് ഹോളിഫെയ്ത്ത് ഫ്ളാറ്റില്‍ നിന്നാണ് ആദ്യ സൈറണ്‍ മുഴങ്ങുക.
അതിന് ശേഷം ഫ്ളാറ്റിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ നിന്നും എല്ലാവരും ഒരിക്കല്‍ കൂടി ഉറപ്പുവരുത്തും. കൃത്യം 11ന് തന്നെ ആദ്യ സ്ഫോടനം നടക്കും. തൊട്ടുപിന്നാലെ ആല്‍ഫാ സെറീന് ഫ്ളാറ്റുകളിലും സ്ഫോടനം നടക്കും. മിനിറ്റുകളുടെ ഇടവേളകളില്‍ രണ്ടു ഫ്ളാറ്റുകളും നിലംപൊത്തും.
ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള മുന്നറിയിപ്പ് സൈറണുകളുടെ അടിസ്ഥാനത്തില്‍ പോലീസ് ഗതാഗത നിയന്ത്രണം എര്‍പ്പെടുത്തും. ചെറുറോഡുകള്‍ ഉള്‍പ്പെടെയുള്ളവ ഗതാഗതനിയന്ത്രണത്തിന്റെ പരിധിയില്‍പ്പെടും. രാവിലെ 10.30ഓടെയാകും പ്രദേശത്ത് പോലീസിന്റെ നിയന്ത്രണത്തില്‍ വാഹനഗതാഗത ക്രമീകരണമൊരുക്കുക.
പൊളിക്കല്‍ പൂര്‍ത്തിയായ ശേഷമുള്ള സൈറണ്‍ പുറപ്പെടുവിച്ചതിന് ശേഷമായിരിക്കും ഈ റോഡുകള്‍ ഗതാഗതത്തിനായി വീണ്ടും തുറന്ന് നല്‍കുക. കടേക്കുഴി ഗോപാല മേനോന് റോഡ്, കെ.എക്സ്. ജോസഫ് റോഡ്, മരട് മുന്‍സിപ്പാലിറ്റി റോഡ്, കുണ്ടന്നൂര്‍ ജംഗ്ഷന് പടിഞ്ഞാറ് വശം, കെ.ആർ.എല്‍ റോഡ്, മിയാ റിയാന്‍ റസ്റ്റോറന്റിന്റെ മുന്‍വശം, കോയിത്തറ കുണ്ടുവേലി റോഡ്, പനോരമ ഗാര്ഡന് റോഡ്, സി.കെ.വേണുഗോപാലന്‍ റോഡ് കിഴക്കേ അറ്റം, ശാലോം പാലസ് മുന്‍വശം, കുണ്ടന്നൂര്‍-തേവര പാലം, കുണ്ടന്നൂര്‍-നെട്ടൂര്‍ സമാന്തര പാലം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടയും.
ആലപ്പുഴ ഭാഗത്ത് നിന്ന് തേവര ഫെറി, പശ്ചിമ കൊച്ചി എന്നീ വഴികളിലൂടെ കുണ്ടന്നൂരേക്ക് വരുന്ന വാഹനങ്ങള്‍ അരൂര്‍- ഇടക്കൊച്ചി-പാമ്പായിമൂല-കണ്ണങ്ങാട്ട്പാലം-തേവര ഫെറി-തേവര ജംഗ്ഷന്-പള്ളിമുക്ക്-എസ്.എ.റോഡ്-വൈറ്റില-അരൂര്‍-ഇടക്കൊച്ചി- പാമ്പായി മൂല- കുമ്പളങ്ങി വഴി- ബിഓടി വെസ്റ്റ്- ബിഓടി ഈസ്റ്റ്- വില്ലിങ്ടണ്‍ ഐലന്റ്- തേവര ജംഗ്ഷന് എന്നിവിടങ്ങളിലൂടെ വാഹനങ്ങള്‍ കടത്തിവിടും. 11.45 ഓടെ ചെറിയറോഡുകള് തുറന്നു കൊടുക്കും. കൂടാതെ ഈസമയത്ത് ജനങ്ങളുടെ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചെത്തുകയും ചെയ്യാം.
12ന് രാവിലെ 11നാണ് മൂന്നാമത്തെ ഫ്ളാറ്റായ ജെയ്ന്‍ കോറല്‍ കോവ് പൊളിക്കുന്നത്. ഇതിന് മുന്നോടിയായി രാവിലെ ഒമ്പത് മുതല്‍ പ്രദേശവാസികളെ ഒഴിപ്പിക്കും. ഫ്ളാറ്റിന് സമീപത്തുള്ള എല്ലാ ചെറിയ വഴികളിലൂടെയുമുള്ള ഗതാഗതം രാവിലെ 10.30ന് നിരോധിക്കും. വി.ടി.ജെ എന്‍ക്ലേവ് റോഡ്, എ.കെ.ജി റോഡ്, ആറ്റുപുറം റോഡ്, പണ്ഡിറ്റ് കറുപ്പന് റോഡ്, അയ്യങ്കാളി റോഡ്, ബ്ലൂമറൈന് ബാക്ക് വാട്ടേഴ്സ്, മൂത്തേടം റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടയും. 11.30 ഓടെ ചെറിയറോഡുകള് തുറന്നു കൊടുക്കും.
ഗോള്‍ഡന്‍ കായലോരം ഉച്ചക്ക് രണ്ടിനാണ് പൊളിക്കുന്നത്. പ്രദേശവാസികളെ 12ന് ഒഴിപ്പിച്ചു തുടങ്ങും. ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് സമുച്ചയത്തിലേക്കുള്ള എല്ലാ ചെറിയ റോഡുകളും ഉച്ചക്ക് 1.30ന് അടയ്ക്കും. ടാങ്ക് ബണ്ട് റോഡ്,സെന്റ്.ജെയിംസ് ചാപ്പല്‍ റോഡ്, ദേശീയ പാത(വി.എം ക്രൗണിന് മുന്‍വശം), കനാല്‍ റോഡ് കിഴക്ക് വശം, ദൈവിക റോഡ്, ദേശീയ പാത(മഡോണ പെയിന്റ്സിന് മുന്‍വശം), സര്‍വീസ് റോഡ്(മഡോണ പെയിന്റ്സിന് മുന്‍വശം), ശ്രീഭുവനേശ്വരി ടെമ്പിള്‍ റോഡ്, പൊക്കാളി പാലം, ബണ്ട് റോഡ്(മീനൂസ് ബ്യൂട്ടി പാര്‍ലറിന് മുന്‍വശം) എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടയും.
ആലപ്പുഴ ഭാഗത്ത് നിന്നും ഇടപ്പള്ളിയിലേക്ക് പോകുന്ന വാഹനങ്ങള്‍ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്നും ഇടത്ത് തിരിഞ്ഞ് തേവര ഫെറി ജംഗ്ഷന്- പണ്ഡിറ്റ് കറുപ്പന് റോഡ്-തേവര ജംഗ്ഷന്- പള്ളിമുക്ക്- എസ്.എ. റോഡ് എന്നിങ്ങനെ വൈറ്റിലയിലെത്തി യാത്ര തുടരേണ്ടതാണ്. ഇടപ്പള്ളി ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് പോകുന്ന വാഹനങ്ങള്‍ വൈറ്റിലയില്‍ നിന്നും ഇടത്ത് തിരിഞ്ഞ് പേട്ട ജങ്ഷന്- ഗാന്ധി സ്ക്വയര്‍- എന്നിങ്ങനെ കുണ്ടന്നൂര്‍ ജംഗ്ഷനിലെത്തി യാത്ര തുടരാം. ഉച്ചക്ക് 2.30 ഓടെ ചെറുറോഡുകള്‍ തുറന്നു കൊടുക്കും.
സ്ഫോടനത്തോടനുബന്ധിച്ചുള്ള കണ്ട്രോള് റൂമുകള്‍ ഇന്ന് മുതല്‍ മരടില്‍ പ്രവര്‍ത്തനമാരംഭിക്കും. മരട് നഗരസഭയിലും ജെയ്ന്‍ കോറല്‍ കോവിന്‍ സമീപത്തെ സ്വകാര്യ കെട്ടിടത്തിലും, ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റിന് തൊട്ടടുത്തുള്ള ജലഗതാഗത ഓഫീസ് കെട്ടിടത്തിലുമായിരിക്കും ഇവ പ്രവര്‍ത്തിക്കുക.
സ്ഫോടനത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന് (പെസൊ) അധികൃതരും ഐഐടി സംഘവും ഇന്നലെ ഫ്ളാറ്റുകളില്‍ സന്ദര്‍ശനം നടത്തി. ഒരുക്കങ്ങളില്‍ സംഘം തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നലെ വൈകിട്ടോടെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റിന് സമീപത്തെ പൈപ്പ് ലൈനുകള്‍ക്ക് മുകളില്‍ ഭാരം ക്രമീകരിച്ച് ഇവ സുരക്ഷിതമാക്കിയിട്ടുണ്ട്.
പൈപ്പ് ലൈനുകളുടെ സുരക്ഷ കാര്യങ്ങള്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ച ഐഒസി സംഘം വിലയിരുത്തി. സ്ഫോടനത്തിന് ശേഷം പത്ത് ദിവസത്തിനുള്ളില്‍ പൈപ്പുകളില്‍ ഇന്ധനം നിറക്കുന്നതിനാണ് ഇപ്പോള്‍ അധികൃതര്‍ തീരുമാനമെടുത്തിട്ടുള്ളത്.
ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഭൂമിയില്‍ പതിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തിന്റെ തോത് വിലയിരുത്താന്‍ ചെന്നെ ഐഐടി സംഘം മരടിലെത്തി എത്തിയിട്ടുണ്ട്. സ്ഫോടന സമയം ഉണ്ടാകുന്ന പ്രകമ്പനത്തിന്റെ തോത്, എത്ര ദൂരത്തേക്കാണ് ഈ പ്രകമ്പനം എത്തുന്നത് തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിക്കുക. ആക്സിലറോമീറ്റര്‍, സ്ട്രെയിന്‍ ഗേജുകള്‍, ജിയോഫോണുകള്‍ എന്നിവയുപയോഗിച്ചാണു പ്രകമ്പനം അളക്കുക. ഈ ഉപകരണങ്ങളില്‍ നിന്നുള്ള വയറുകള്‍ ലാപ്ടോപ്പുകളിലേക്ക് ഘടിപ്പിച്ചാകും സ്ഫോടനം നിരീക്ഷിക്കുന്നത്.