മരട് (കൊച്ചി): ഫ്ളാറ്റ് പൊളിക്കൽ നടപടികൾ പുരോഗമിക്കവേ പുതിയ സെക്രട്ടറിക്കെതിരേ മരട് നഗരസഭ രംഗത്ത്. നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങൾ അട്ടിമറിച്ചെന്നാരോപിച്ചാണു ചെയർപേഴ്സണും കൗണ്‍സിൽ അംഗങ്ങളും രംഗത്തെത്തിയിട്ടുള്ളത്.
പുതുതായി ചുമതലയേറ്റ സബ് കളക്ടർ സ്നേഹിൽ കുമാർ സിംങ്ങ് ഫയലുകളിൽ ഒപ്പിടാത്തത് ദൈനംദിന പ്രവർത്തനങ്ങൾക്കു തടസമാവുന്നുവെന്നാണ് ഇവരുടെ ആരോപണം. ഈക്കാര്യം ചൂണ്ടിക്കാട്ടി കൗണ്‍സിൽ സംസ്ഥാന സർക്കാരിനു കത്തുനൽകി. അടിയന്തിര ഇടപെടൽ ആവശ്യപ്പെടുന്നതിന്റെ ഭാഗമായി ഇന്നു നഗരസഭാ കൗണ്‍സിലും യോഗം ചേരും.
ഇതിനിടെ, കൈയേറ്റക്കാർക്കും ചട്ടലംഘകർക്കും ഒത്താശ ചെയ്യാനാണു നഗരസഭയുടെ നീക്കമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. സെക്രട്ടറിയായി ചുമതലയേറ്റ ഉദ്യോഗസ്ഥനെതിരെയുള്ള നീക്കങ്ങൾ ഇതിന്റെ ഭാഗമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. അതിനിടെ, സുപ്രീം കോടതി വിധി നടപ്പിലാക്കലുമായി ബന്ധപ്പെട്ട് ഇന്ന് മരടിലും കൊച്ചിയിലും യോഗങ്ങൾ ചേർന്നേക്കും.
ഫ്ളാറ്റുകൾ പൊളിക്കാൻ താത്പര്യപത്രം നൽകിയ രണ്ടു കന്പനി പ്രതിനിധികളുമായി മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലക്കാരൻ കൂടിയായ സബ് കളക്ടർ ഇന്നു കൂടിക്കാഴ്ച നടത്തുന്പോൾ ഫ്ളാറ്റുകളിൽനിന്നും ഒഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും കൊച്ചിയിൽ ചേരുമെന്നാണു വിവരം.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാനാണു സർക്കാർ തീരുമാനം. ഉടമകളെ നാളെ മുതൽ ഫ്ളാറ്റുകളിൽനിന്ന് ഒഴിപ്പിച്ചു തുടങ്ങുമെന്നാണു സൂചന. ഒഴിപ്പിക്കലിന്റെ ഭാഗമായി അധികൃതർ കഴിഞ്ഞ ദിവസം വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചിരുന്നു.
ഒഴിഞ്ഞു പോവില്ലെന്ന് ഫ്ളാറ്റുടമകൾ:നാളെ മുതൽ പ്രതിഷേധ സമരം തുടങ്ങിയേക്കും
മരട് : നഷ്ടപരിഹാരത്തെ കുറിച്ച് അവ്യക്ത നില നിൽക്കുന്നതിനാൽ താമസ സ്ഥലങ്ങളിൽ നിന്നും ഇറങ്ങാൻ തയാറല്ലെന്ന് ഫ്ളാറ്റ് ഉടമകൾ നിലപാട് വ്യക്തമാക്കി. വിദേശത്തും മറ്റുമുള്ളവർ എത്തിക്കൊണ്ടിരിക്കുകയാണെന്നും നാളെ മുതൽ പ്രതിഷേധ സൂചകമായി നിരാഹാര സമരം ഉൾപ്പടെ തുടങ്ങുവാൻ ആലോചിക്കുന്നതായും താമസക്കാർ പറഞ്ഞു.