മരട്: സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോൾ തന്നെ മരട് പ്രദേശത്തെ മറ്റ് അനധികൃത നിർമാണങ്ങൾ കണ്ടെത്താനുള്ള പരിശോധനകളുമായി കേരളാ സംസ്ഥാന തീരദേശ പരിപാലന അഥോറിറ്റി (കെസിഇസെഡ്എംഎ ) അധികൃതർ മുന്നോട്ട്. പഞ്ചായത്ത് ആയിരുന്ന 2006 കാലഘട്ടം മുതലുള്ള നിർമാണ അനുമതികൾ സംബന്ധിച്ച രണ്ടായിരത്തോളം ഫയലുകളുടെ സൂഷ്മ പരിരോധനയുമായി ബന്ധപ്പെട്ട നടപടികളാണ് പുരോഗമിച്ചു വരുന്നത്.
കേരളത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്തെ അനധികൃത നിർമാണങ്ങൾ സംബന്ധിച്ച വിവരങ്ങൾ തയാറാക്കി നൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം ലഭിച്ചതിനെ തുടർന്നു തീരദേശ പരിപാലന അഥോറിറ്റി ജൂൺ മാസത്തിൽ ചേർന്ന 103-ാം മത് യോഗത്തിൽ സംസ്ഥാനത്ത് ചട്ടലംഘനങ്ങൾ കണ്ടെത്തിയ അൻപതോളം വൻകിട നിർമാണങ്ങളുടെ പട്ടിക തയാറാക്കിയിരുന്നു.
ഇതിൽ 34 നിർമാണങ്ങൾ മരട് ഉൾപ്പെടുന്ന കൊച്ചി വേമ്പനാട്ടു കായലിന്റെ തീരങ്ങളാലുള്ളവയാണ്. പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്ന മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളും കൂടാതെ ഒരു പഞ്ചനക്ഷത്ര ഹോട്ടലും പട്ടികയിൽ ഉൾപ്പെടുന്നു. മരടിലെ അനധികൃത നിർമാണങ്ങൾക്കെതിരേ ഹൈക്കോടതിയിലും ഒരു കേസ് നിലവിലുണ്ട്. 2017 ലാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അന്വേഷണ ഉത്തരവിറക്കിയത്. രണ്ടായിരത്തോളം ഫയലുകളാണ് ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തേണ്ടതായുള്ളത്.
മരടിലെ എല്ലാ കെട്ടിട നിർമാണങ്ങൾക്കും തീരദേശ പരിപാലന അഥോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇക്കാര്യം കണക്കിലെടുക്കാതെ പഞ്ചായത്തും നഗരസഭയും നിർമാണ അനുമത നൽകിയ കെട്ടിടങ്ങളാണ് ഇപ്പോൾ നിയമ നടപടികൾക്കു വിധേയമാകുന്നത്.