മരട് :സുപ്രീം കോടതി ഉത്തരവിനെ തുടർന്നു പൊളിക്കൽ ഭീഷണി നേരിടുന്ന ഫ്ളാറ്റു സമുച്ചയങ്ങളിലെ താമസക്കാരുടെ ആശങ്ക വർധിച്ചു. 23 ന് സുപ്രീം കോടതി ഉത്തവു നടപ്പാക്കൽ വീണ്ടും പരിശോധിക്കുമ്പോൾ എന്തു സംഭവിക്കും എന്ന ആകാംക്ഷയിലാണ് താമസക്കാരിൽ ഭൂരിഭാഗവും.
സർക്കാർ വിളിച്ചു ചേർന്ന സർവ്വകക്ഷി യോഗത്തിനുശേഷം കാര്യമായ ഇടപെടൽ ഉണ്ടാവാത്തതും ഫ്ളാറ്റിലെ താമസക്കാരുടെ നിരാശയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.അടുത്ത ദിവസംതന്നെ യോഗം ചേർന്നു ഭാവി പരിപാടികൾ ആലോചിക്കുമെന്നാണ് ഫ്ളാറ്റുകളിലെ താമസക്കാരുടെ സംഘടനയായ മരട് ഭവന സംരക്ഷണ സമിതിയുടെ ഭാരവാഹികൾ അറിയിച്ചത്.
ഇതിനിടെ, ഫ്ളാറ്റുകളിലെ മുന്നൂറ്റൻപതോളം വരുന്ന താമസക്കാരായ ഉടമകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു പടിക തയാറാക്കാന്നുള്ള നടപടികൾ മരട് നഗരസഭ ആരംഭിച്ചു കഴിഞ്ഞു. വാടകയ്ക്കു താമസിക്കുന്നവരും, മറ്റു ചിലരുടെ ബിനാമി പേരുകളിൽ ഫ്ളാറ്റുകൾ സ്വന്തമാക്കിയവരും താമസക്കാരായി ഉണ്ടെന്ന വിവരാമാണ് ലഭിച്ചിരിക്കുന്നത്.
ഇത്തരത്തിൽ തയാറാക്കുന്ന പട്ടിക ജില്ലാ ഭരണകൂടത്തിനും, സർക്കാരിനും കൈമാറാനാണ് നിർദ്ദേശമെന്ന് മരട് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.