കൊച്ചി: മരട് ഫ്ളാറ്റ് വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കാതെ തങ്ങളുടെ ഭാഗത്തുനിന്നു മറ്റ് നടപടികൾ ഉണ്ടാകില്ലെന്നു മരട് നഗരസഭ അധികൃതർ. സർക്കാർ നിർദേശ പ്രകാരമാണ് ഉടമകൾക്ക് നോട്ടീസ് നൽകിയത് ഉൾപ്പെടെ ഇതുവരെയുള്ള പ്രവർത്തികൾ ചെയ്തത്. മുന്നോട്ടുള്ള നടപടികളും സർക്കാർ തീരുമാനപ്രകാരമേ ഉണ്ടാകൂവെന്നും നഗരസഭ ചെയർപേഴ്സണ് ടി.എച്ച്. നദീറ വ്യക്തമാക്കി.
നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്നു പൊളിച്ച് നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട ഫ്ളാറ്റുകളിൽ കഴിയുന്ന താമസക്കാർക്ക് നഗരസഭ അനുവദിച്ച സമയപരിധി അവസാനിച്ചതിനു പിന്നാലെ വീണ്ടും നോട്ടീസ് നൽകാൻ ഇന്നലെ സെക്രട്ടറി എത്തിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് നോട്ടീസ് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ ചെയ്തതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ആദ്യം നോട്ടീസ് നൽകിയത് ഫ്ളാറ്റുകളുടെ പേരിലാണെങ്കിൽ ഇന്നലെ ഒരോ ഉടമകളുടെയും പേരിലും പ്രത്യേകം നൽകാനായിരുന്നു തീരുമാനം. ഒഴിയുന്പോൾ പകരം താമസം ഒരുക്കുന്നത് സംബന്ധിച്ച് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.
ഒഴിഞ്ഞുപോകുന്നവർക്കു പകരം താമസിക്കാനുള്ള സൗകര്യം നഗരസഭ ഒരുക്കിനൽകുമെന്നും ഈ സൗകര്യം വേണ്ടവർ ഇന്നുച്ചകഴിഞ്ഞു മൂന്നിനുള്ളിൽ നഗരസഭയെ അറിയിക്കണമെന്നുമായിരുന്നു നോട്ടീസിൽ അറിയിച്ചത്. ഈ സമയത്തിനുള്ളിൽ വിവരം നൽകാത്തവർക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതിനുള്ള സൗകര്യം ലഭിക്കില്ലെന്നും നോട്ടീസിൽ പറയുന്നു. അതിനിടെ, വിവിധ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞ് പ്രശ്നത്തിൽ തുടർനിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് സർവകക്ഷിയോഗം ചേരും.
സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ പത്തിന് മരട് നഗരസഭ നോട്ടീസ് നൽകിയതിനെതിരേ ഫ്ളാറ്റ് ഉടമകൾ നാളെ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും.
ഈമാസം 20 നകം ഫ്ളാറ്റ് പൊളിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സുപ്രീംകോടതി നൽകിയ സമയപരിധി തീരാൻ ദിവസങ്ങൾമാത്രംശേഷിക്കേ മരടിലും ആശങ്കകളും ആകുലതകളും നിറയുകയാണ്. തുടർ നടപടികളുമായി നഗരസഭാ അധികൃതർ ഇന്നലെ രംഗത്തുവന്നതു വൻ പ്രതിഷേധവും സംഘർഷവും സൃഷ്ടിച്ചിരുന്നു.
അതിനിടെ, സംസ്ഥാന ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കളക്ടർ, മരട് നഗരസഭാ സെക്രട്ടറി എന്നിവരുടെ മൂന്നു കോലങ്ങൾ പ്രതിഷേധക്കാർ ഇന്നലെ അഗ്നിക്കിരയാക്കി. തുടർന്നു സമരപന്തലിൽ മരട് ഭവന സംരക്ഷണ സമിതി പ്രതിഷേധ യോഗവും ചേർന്നു. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണു സമരക്കാരുടെ തീരുമാനം.