കൊച്ചി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പൊളിച്ചു നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉടമകൾ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നാളെ മുതൽ ധർണയും റിലേ സത്യഗ്രഹവും ആരംഭിക്കും.
രാവിലെ പത്തിന് മരട് നഗരസഭയ്ക്കു മുന്നിൽ ആരംഭിക്കുന്ന ധർണ ഓഫീസ് അടയ്ക്കുന്നതുവരെ തുടരും. തുടർന്ന് കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റിന് സമീപമെത്തി റിലേ സത്യഗ്രഹം നടത്താനാണ് ഉടമകൾ തീരുമാനിച്ചിട്ടുള്ളത്.
മരട് ഭവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ധർണയും റിലേ സത്യഗ്രഹവും നടത്തുക. രാത്രിയിൽ ഉൾപ്പെടെ റിലേ സത്യഗ്രഹം നീട്ടാനാണ് ഉടമകൾ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് ഇന്നു വൈകുന്നേരത്തോടെ അന്തിമ തീരുമാനമുണ്ടാകും.
ഒഴിഞ്ഞുപോകണമെന്നുകാട്ടി നഗരസഭ പതിച്ച നോട്ടീസ് കാലാവധി നാളെ അവസാനിക്കുന്നതിനെത്തുടർന്നാണ് സമരം ശക്തമാക്കാൻ ഫ്ലാറ്റ് ഉടമകൾ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നാളെ മരടിലെത്തുന്നുണ്ട്. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ മരട് നഗരസഭാ ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
ഇരു നേതാക്കളും ഫ്ളാറ്റ് ഉടമകളുമായും കൂടിക്കാഴ്ചയും നടത്തും. അതിനിടെ ഇന്നലെ നൽകിയ സങ്കട ഹർജിയിൽ തങ്ങൾക്ക് അനുകൂല നടപടികൾ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റ് ഉടമകൾ.
ആവശ്യമായ നിയമനിർമാണം നടത്തി സുപ്രീംകോടതിവിധി നിർവീര്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്കടക്കമാണ് ഇമെയിൽ മുഖാന്തിരം ഇന്നലെ വൈകുന്നേരത്തോടെ സങ്കടഹർജി നൽകിയത്.
കേരള ഗവർണർ, സ്പീക്കർ, സംസ്ഥാനത്തെ 20 എംപിമാർ, 140 എംഎൽഎമാർ എന്നിവർക്കും തങ്ങളുടെ അവസ്ഥ വിശദമാക്കുന്ന സങ്കട ഹർജി നൽകി. ഇന്നലെ രാത്രി പതിനൊന്നോടെയാണു ഈ നടപടികൾ അവസാനിച്ചതെന്നു ഭാരവാഹികൾ പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാണു ഉടമകളുടെ ആവശ്യം. കേരള സർക്കാർ നിയമപരമായ കാര്യങ്ങൾ നിർവഹിക്കണം.
കേന്ദ്ര സർക്കാരിന് ആവശ്യമായ സഹായങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്തുനൽകണമെന്നും ഉടമകൾ സങ്കട ഹർജിയിൽ പറയുന്നു. സംസ്ഥാന തീരദേശ പരിപാലന അഥോറിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും സുപ്രീംകോടതി തങ്ങളുടെ ഭാഗം കേൾക്കാതെയാണു വിധി പുറപ്പെടുവിച്ചതെന്നും സങ്കട ഹർജിയിൽ വ്യക്തമാക്കുന്നു.
ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയാലും പുതിയ നിയപ്രകാരം നാളെ ഇതേസ്ഥലത്ത് പുതിയ കെട്ടിടം പണിയാൻ അനുവാദം ലഭിക്കും. ഫ്ലാറ്റുകളിൽ താമസിക്കുന്നവരുടെ മാനസികാവസ്ഥയും സാന്പത്തിക നഷ്ടവും പരിഗണിക്കണം.
ഫ്ലാറ്റുകൾ പൊളിക്കുന്പോൾ ഉണ്ടാകുന്ന പരിസ്ഥിതി വിഷയങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടികൊണ്ടുള്ള സങ്കട ഹർജിയാണ് ഫ്ലാറ്റ് ഉടമകൾ നൽകിയത്.
സുപ്രീംകോടതി ഉത്തരവുപ്രകാരം കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റ്, ഗോൾഡൻ കായലോരം, നെട്ടൂർ ആൽഫാ വെഞ്ചേഴ്സ്, ജെയ്ൻ കോറൽ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്ലാറ്റുകളാണു പൊളിച്ചുനീക്കേണ്ടത്.