മരട് :ഫ്ളാറ്റു പൊളിച്ചുനീക്കാൻ സുപ്രിം കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുമ്പോൾ അനിശ്ചിതത്ത്വം ബാക്കി.പൊളിക്കാനുള്ള ഉത്തരവു നടപ്പിലാക്കി ഇന്നു റിപ്പോർട്ടു സമർപ്പിക്കണമെന്നാണ് ഈ മാസം ആറിന് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നത്. ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം സംസ്ഥാന ചീഫ് സെക്രട്ടറി 23 ന് നേരിട്ടു കോടതിയിൽ ഹാജരായി കാരണം ബോധിപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
ഉത്തരവു ലഭിച്ചതിനെ തുടർന്ന് അടിയന്തിര നടപടി ആവശ്യപ്പെട്ട് സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എൻ.സജുകുമാർ ഈ മാസം ഏഴിന് മരട് നഗരസഭക്ക് കത്തയച്ചു. സുപ്രീം കോടതി ഉത്തരവു നടപ്പാക്കി 18 നകം റിപ്പോർട്ടു നൽകാനായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.
ഇതു പാലിക്കുന്നതിന്റെ ഭാഗമായി ഒൻപതിന് നഗരസഭാ സെക്രട്ടറി ഫ്ളാറ്റു സമുച്ചയങ്ങളുടെ പേരിൽ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് പ്രതിഷേധം ശക്തിപ്പെട്ടു.ഇതിനിടെ, കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ പത്രപരസ്യം വഴി നഗരസഭ ടെണ്ടർ ക്ഷണിച്ചു.
ഒപ്പം തന്നെ ഫ്ളാറ്റുകൾ ഒഴിയുന്ന താമസക്കാർക്കായി പകരം സംവിധാനം ഏർപ്പെടുത്താനുള്ള ക്രമീകരണങ്ങളും നടത്തി.എന്നാൽ ഒരാൾ പോലും ഒഴിയാൻ തയാറാവാത്ത സാഹചര്യത്തിൽ നടപടികൾ മുന്നോട്ടുപോയില്ല. ഇതിനിടെയാണ് സർക്കാർ തലസ്ഥാനത്ത്സർവ്വകക്ഷി യോഗംവിളിച്ച് വിഷയം ചർച്ച ചെയ്തത്.
പൊളിച്ചുനീക്കാനുള്ള സമയപരിധി അവസാനിച്ചിരിക്കെ, ഒഴിപ്പിക്കലിനെതിരെ ഫ്ളാറ്റുടമകൾ ഇന്നലെ കേരള ഹൈക്കോടതിയിൽ മറ്റൊരു ഹർജി കൂടി നൽകിയിരിക്കുകയാണ്. സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഈ മാസം 23 ന് നേരിട്ട് ഹാജരായി വിശദീകരണം നൽകും എന്ന സൂചനയും ലഭ്യമായിട്ടുണ്ട്.