കൊച്ചി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ കരാറുകാരിൽനിന്നും മരട് നഗരസഭ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് പത്രങ്ങളിൽ പരസ്യം നൽകി. പതിനഞ്ചു നിലകൾ വീതമുള്ള നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ താത്പര്യമുള്ള ഏജൻസികൾ ഈ മാസം 16 നകം അപേക്ഷ സമർപ്പിക്കണം എന്നാണ് പരസ്യത്തിൽ പറയുന്നത്.
ഇതോടെ ഉടമകൾ കൂടുതൽ നിസഹായാവസ്ഥയിലായി. എന്ത് ചെയ്യണമെന്നോ സംഭവിക്കാൻ പോകുന്നത് എന്താണെന്നോ അറിയില്ലെന്ന് ഫ്ളാറ്റ് ഉടമകൾ പറയുന്നു. മുന്‍പ് പലതവണ റിട്ട് ഹർജി സുപ്രീംകോടതി തള്ളിയ സാഹചര്യമാണുള്ളതെങ്കിലും അവസാനം നൽകിയ റിട്ട് ഹർജിയിൽ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും അവർ പറയുന്നു.
നിയമലംഘനം പരിശോധിക്കാൻ നിയോഗിച്ച സമിതി തങ്ങളുടെ ഭാഗം കേട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ടാണ് ഉടമകൾ റിട്ട് ഹർജി നൽകിയിട്ടുള്ളത്. ഇതിന് സുപ്രീംകോടതിയിൽനിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണു ഉടമകളുടെ പ്രതീക്ഷ. അതിനിടെ, വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭയുടെ പ്രത്യേക കൗണ്‍സിൽ യോഗം ആരംഭിച്ചു.
ചെയർപേഴ്സണ്‍ ടി.എച്ച്. നദീറയുടെ അധ്യക്ഷതയിലാണു യോഗം. കെട്ടിടങ്ങൾ പൊളിച്ചുകളയുന്നതുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട നടപടികൾ, ഇതിനാവശ്യമായ സാങ്കേതിക, സാന്പത്തിക കാര്യങ്ങൾ തുടങ്ങിയവ ചർച്ചചെയ്യും. പൊളിക്കാനാവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും സർക്കാർ ഉറപ്പുനൽകിയ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സഹകരണം സംബന്ധിച്ചും യോഗം ചർച്ചചെയ്തേക്കും.
അതിനിടെ, ഫ്ളാറ്റുകളിൽനിന്ന് മാറണമെന്നുകാട്ടിയുള്ള നോട്ടീസ് നഗരസഭ ഉടമകൾക്ക് നൽകിയേക്കും. ഇതുസംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഇന്നത്തെ യോഗത്തിനുശേഷം ഭാവി കാര്യങ്ങൾ ജില്ലാ കളക്ടറുമായും മറ്റും കൂടിയാലോചിച്ചു നടപ്പാക്കാനാണു സാധ്യത.
തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചു നിർമിച്ച ഫ്ളാറ്റുകൾ ഈ മാസം 20നു മുന്‍പ് പൊളിച്ചുനീക്കി റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ആറിനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അന്ത്യശാസനം നൽകിയത്. 23ന് കോടതി വീണ്ടും ചേരുന്പോൾ ചീഫ് സെക്രട്ടറി നേരിട്ടെത്തി വിവരങ്ങൾ ധരിപ്പിക്കണമെന്നും ചീഫ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഇതേത്തുടർന്നാണു പൊളിച്ചു നീക്കൽ നടപടികൾ എത്രയും വേഗം ആരംഭിക്കാൻ സർക്കാർ തലത്തിൽനിന്നുതന്നെ നീക്കമുണ്ടായത്. ഇതിൻറെ ഭാഗമായി ഫ്ളാറ്റ് സമുച്ചയങ്ങളിൽ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നലെ പരിശോധന നടത്തിയിരുന്നു.
ഇന്നലെ രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ കളക്ടറും പോലീസ് മേധാവികളും മരട് നഗരസഭാ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണു പോലീസ് സംരക്ഷണത്തോടെ ടോം ജോസ് ഫ്ളാറ്റുകളിൽ സന്ദർശനം നടത്തിയത്. ഗോബാക്ക് മുദ്രാവാക്യം ഉയർത്തിയാണ് ഫ്ളാറ്റ് ഉടമകൾ ചീഫ് സെക്രട്ടറിയെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.