കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ നഗരസഭ നടപടികൾ ആരംഭിച്ചു. ഫ്ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് നഗരസഭ പത്രങ്ങളിൽ പ രസ്യം നൽകി. പതിനഞ്ചു നിലകൾ വീതമുള്ള നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ താത്പര്യമുള്ള ഏജൻസികൾ ഈ മാസം 16 നകം അപേക്ഷ സമർപ്പിക്കണം.
നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരുടെ പാനല്‍ തയാറാക്കും. ഫ്ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കും.
വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭയുടെ പ്രത്യേക കൗണ്‍സിൽ യോഗം ആരംഭിച്ചു. ചെയർപേഴ്സണ്‍ ടി.എച്ച്. ന ദീറയുടെ അധ്യക്ഷതയിലാണു യോഗം. കെട്ടിടങ്ങൾ പൊളിച്ചുകളയുന്നതുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട നടപടികൾ, ഇതിനാവശ്യമായ സാങ്കേതിക, സാമ്പത്തിക കാര്യങ്ങൾ തുടങ്ങിയവ ചർച്ചചെയ്യും.
പൊളിക്കാനാവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും സർക്കാർ ഉറപ്പുനൽകിയ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സഹകരണം സംബന്ധിച്ചും യോഗം ചർച്ചചെയ്തേക്കും.അതിനിടെ, ഫ്ളാറ്റുകളിൽനിന്ന് മാറണമെന്നുകാട്ടിയുള്ള നോട്ടീസ് നഗരസഭ ഉടമകൾക്ക് ചൊവ്വാഴ്ച നൽകും.
ഇതുസംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. യോഗത്തിനുശേഷം ഭാവി കാര്യങ്ങൾ കളക്ടറുമായും മറ്റും കൂടിയാലോചിച്ചു നടപ്പാക്കാനാണു സാധ്യത. തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചു നിർമിച്ച ഫ്ളാറ്റുകൾ ഈ മാസം 20നു മുമ്പ് പൊളിച്ചുനീക്കി റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ആറിനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അന്ത്യശാസനം നൽകിയത്.