എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് താത്ക്കാലിക സ്റ്റേ. ഫ്ലാറ്റിലെ താമസക്കാർ നൽകിയ റിട്ട് ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ആറ് ആഴ്ചത്തേക്ക് തൽസ്ഥിതി തുടരാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റേതാണ് വിധി.
ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 32 താമസക്കാരാണ് കോടതിയെ സമീപിച്ചത്. താമസക്കാരുടെ ഭാഗം കേൾക്കാതെയാണ് സുപ്രീംകോടതി ഉത്തരവെന്നും താമസക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. അനധികൃത നിർമാണങ്ങൾ കാരണം ഇനിയും കേരളത്തിനു പ്രളയവും പേമാരിയും താങ്ങാനാവില്ലെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയ്ക്കെതിരേയാണു നടപടി.