കോഴിക്കോട് : മാറാട് കൂട്ടക്കൊല കേസില്‍ 18 വര്‍ഷത്തിനു ശേഷം രണ്ടു പ്രതികളുടെ ശിക്ഷാവിധി പ്രസ്താവിക്കുന്നതിനെത്തുടര്ന്നു തീരദേശ മേഖലയില്‍ അതീവ ജാഗ്രത. വിധിയുടെ പശ്ചാത്തലത്തില്‍ കലാപം നടന്ന മാറാട് പ്രദേശത്തും മറ്റു തീരദേശ മേഖലകളിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടാവാതിരിക്കാന്‍ പോലീസ് ഇന്നു രാവിലെ 10 മുതല്‍ തന്നെ കര്‍ശന പരിശോധന തുടരുകയാണ്.
സിറ്റി പോലീസ് പരിധിയില്‍ മാത്രം 50 ഓളം പോലീസുദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിനും മറ്റുമായി ചുമതലപ്പെടുത്തിയത്. ഇന്സ്പക്ടര്മാരുള്പ്പെടെ 30 പേര്‍ക്കു പ്രത്യേക ചുമതലകള്‍ നല്കികൊണ്ടു സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് നിര്‍ദേശം നല്കി.
വിധി പ്രസ്താവിക്കുന്ന എരഞ്ഞിപ്പാലം കോടതി പരിസരത്തും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിസിപി സപ്നില്‍ മഹാജന്റെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയത്.
മാറാടും പരിസരത്തും സേനാംഗങ്ങളെ വിന്യസിപ്പിക്കേണ്ടത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ഫറോക്ക് അസി.കമ്മീഷണര്‍ക്കു നല്കി. ഇതുപ്രകാരം ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. മൂന്ന് ഇന്‍സ്പക്ടര്‍മാരും മൂന്ന് എസ്ഐമാരും 24 പോലീസുകാരുമുള്‍പ്പെടെ സദാ സമയവും പട്രോളിംഗിനായി ഒരുക്കിയിട്ടുണ്ട്.
ഫറോക്ക് ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ നാലു പോലീസുകാരുള്‍പ്പെടെയുള്ള സംഘം കടലുണ്ടി-ചാലിയം മേഖലകളില്‍ പട്രോളിംഗ് ആരംഭിച്ചു. ബേപ്പൂര്‍ ഇന്‍സ്പക്ടറും നാല് പോലീസുകാരുമടങ്ങുന്ന സംഘം ബേപ്പൂര്‍,മാത്തോട്ടം, അരക്കിണര്‍, നടുവട്ടം, തുടങ്ങി സ്ഥലങ്ങളിലും ബേപ്പൂര്‍ തീരദേശമേഖലയിലും പട്രോളിംഗ് നടത്തുന്നുണ്ട്.
മാറാട് ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ മാറാട് തീരദേശമേഖലയിലും മാത്തോട്ടം, അരക്കിണര്‍, നടുവട്ടം ഭാഗത്തും പട്രോളിംഗ് നടത്തും. ഇതിനു പുറമേ കടലുണ്ടി എസ്ഐയും സംഘവും കടലുണ്ടി മേഖലയിലും മാറാട് എസ്ഐയും സംഘവും ബേപ്പൂര്‍ എസ്ഐയും പാര്‍ട്ടിയും പ്രതികളുടെ വീടിനും പരിസരത്തും പട്രോളിംഗ് നടത്തിവരികയാണ്.
ബേപ്പൂര്‍ ഇന്‍സ്പക്ടര്‍ ആറുപേരടങ്ങുന്ന പ്രത്യേക ടീമിനെയും മാറാട് ഇന്‍സ്പക്ടര്‍ 10 പേരടങ്ങുന്ന സംഘത്തെയും സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. നല്ലളം, പന്നിയങ്കര, ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ്, പന്തീരാങ്കാവ് എന്നിവിടങ്ങളിലെ ഇന്സ്പക്ടര്മാരുള്പ്പെടെ ആറു പേരടങ്ങുന്ന 24 അംഗ സംഘത്തെയും സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
മാറാട് , ബേപ്പൂര്‍, ഫറോക്ക്, നല്ലളം, പന്നിയങ്കര, പന്തീരാങ്കാവ്, ബേപ്പൂര്‍ കോസ്റ്റല്‍ എന്നിവിടങ്ങളിലെ എസ്എച്ച്ഒ മാര്‍ ലത്തി, ഷീല്‍ഡ് ടിയര്‍ഗ്യാസ്, ഗ്രേനേഡ്, ആംസ് തുടങ്ങിയ ഒരുക്കി വയ്ക്കാനും കമ്മീഷണര്‍ നിര്‍ദേശം നല്കി.
2003 ലെ മാറാട് കൂട്ടക്കൊലക്കേസിന്റെ വിചാരണ സമയത്തു വിദേശത്തേക്കു കടന്ന കടലുണ്ടി കുട്ടിച്ചന്റെ പുരയ്ക്കല്‍ കോയമോന് എന്ന മുഹമ്മദ്കോയ, മാറാട് കല്ലുവച്ച വീട്ടില്‍ നിസാമുദീന്‍ എന്നീ പ്രതികളുടെ ശിക്ഷയാണ് ഇന്നു കോടതി പരിഗണിക്കുന്നത്.