മരട്: വൈദ്യുതി ഓഫീസിൽ മദ്യസേവ നടത്തിയതായി പറയപ്പെടുന്ന സംഭവത്തിൽ ജീവനക്കാരിൽ ചിലർക്കെതിരെ നടപടിക്കു സാധ്യത. മരട് സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കെതിരേയായിരുന്നു ആരോപണം. മാധ്യമ വാർത്തകളെ തുടർന്ന് അന്വേഷണം നടത്തിയാണ് അച്ചടക്ക നടപടി വരുന്നത്. ഇതിനിടെ അർദ്ധരാത്രിയിലെ വൈദ്യുതി മുടക്കത്തിനെതിരേ പ്രതികരിച്ച നാട്ടുകാരെ കള്ളകേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
കെഎസ്ഇബി മരട് സെക്ഷൻ ഓഫീസിന്റെ കീഴിലുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി മണക്കൂറുകളോളം വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. പ്രദേശവാസികൾ കെഎസ്ഇബി അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ട് വിവരം അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നാണ് പറയപ്പെടുന്നത്.
തുടർന്ന് ഉപഭോക്താക്കൾ ഒറ്റക്കും, കൂട്ടായും മരടിലെ കെഎസ്ഇബി ഓഫീസിലെത്തി.ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും മോശമായ ഭാഷയിലുള്ള പ്രതികരണമാണത്രെ ലഭിച്ചത്.ഇതിനിടെയാണ് ഓഫീസ് പരിസരത്തെ ഒഴിഞ്ഞ മദ്യക്കുപ്പികൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇവ ഡ്യൂട്ടിയി ലുണ്ടായിരുന്ന ഓവർസിയറുടെ മേശപ്പുറത്തുനിരത്തിവച്ച് പ്രതിഷേധിച്ചു.വിവരം ലഭിച്ച് സ്ഥലത്തെത്തിയ മരട് പോലീസിനോട് കെഎസ്ഇബി ജീവനക്കാർ ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായി ആരോപിച്ച് പ്രതിഷേധിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഡ്യൂട്ടിയിലുള്ള ഉദ്ധ്യോഗസ്ഥർ മദ്യപിച്ചിട്ടില്ലെന്ന് ബോധ്യമായി.
എന്നാൽ ഈ സമയം കെഎസ്ഇബി ഓഫീസിൽ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാൾക്കെതിരെ കേസ് രജിസ്ട്രർ ചെയ്തതായി മരട് പോലീസ് അറിയിച്ചു. കെ എസ് ഇ ബി ഓഫീസിൽ നടന്ന രംഗങ്ങൾ നാട്ടുകാരിൽ ചിലർ മൊബൈൽകാമറയിൽ പകർത്തിയിരുന്നു.
ഇത് സൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതിനെതിരെ മരട് സെക്ഷൻ ഓഫീസിലെ ജീവനക്കാർ നൽകിയിരുന്ന പരാതിയിൽ എട്ടു പേർക്കെതിരെ കേസെടുത്തു. ഇത് കെ എസ് ഇ ബി ജീവനക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് തങ്ങളെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.