കൊച്ചി: മരടിൽ സ്കൂൾ വാൻ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഞ്ചുവയസുകാരി ക്യാരോളിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ക്യാരോളിന്റെ ജീവൻ വെൻറിലേറ്ററിൻറെ സഹായത്തോടെയാണു നിലനിർത്തുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേസമയം, ചികിത്സയ്ക്കുശേഷം ആശുപത്രിവിട്ട വാൻ ഡ്രൈവർ അനിൽകുമാറിനെ(45) പോലീസ് ഇന്നു ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് കത്തയച്ചതായും വാഹനം അമിതവേഗതയിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ ചോദിച്ചറിയുമെന്നും പോലീസ് വ്യക്തമാക്കി. വാൻ അമിത വേഗതയിലായിരുന്നില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
അപകടസമയം എതിർദിശയിൽ ഒരു സൈക്കിൾ യാത്രികൻ എത്തിയിരുന്നതായും ഈ യാത്രികനെ കടത്തിവിടാൻ വാൻ വലതുവശത്തേയ്ക്കു തിരിച്ചപ്പോൾ കുളത്തിലേക്കു മറിയുകയുമായിരുന്നുവെന്നാണു അധികൃതരുടെ കണ്ടെത്തൽ. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണു രണ്ടു കുട്ടികൾ അടക്കം മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. ശ്വസകോശത്തിൽ വെള്ളവും ചെളിയും കയറിയ നിലയിലാണു പരിക്കേറ്റ അനിൽകുമാറിനെയും ക്യാരോളിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.