കൊച്ചി: മരടിലെ നാല് ഫ്ളാറ്റ് നിർമാതാക്കളുടെ സ്വത്തുവകകൾ സുപ്രീം കോടതി കണ്ടുകെട്ടി. പോൾ രാജ് (ഡയറക്ടർ, ആൽഫാ വെഞ്ചേഴ്സ്), സാനി ഫ്രാൻസിസ് (മാനേജിംഗ് ഡയറക്ടർ, ഹോളി ഫെയ്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപേഴ്സ്), സന്ദീപ് മാലിക് (മാനേജിംഗ് ഡയറക്ടർ, ജെയിൻ ഹൗസിംഗ് ആൻഡ് കണ്സ്ട്രക്ഷൻ), കെ.വി.ജോസ് (മാനേജിംഗ് ഡയറക്ടർ, കെ.പി.വർക്കി ആൻഡ് ബിൽഡേഴ്സ്) എന്നിവരുടെ വസ്തുവകകളും ബാങ്ക് അക്കൗണ്ടുകളുമാണു കണ്ടുകെട്ടിയത്.
ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതായി സുപ്രീംകോടതി ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇവർക്കു നോട്ടീസ് അയയ്ക്കാൻ രജിസ്ട്രിക്കു നിർദ്ദേശം നൽകി. ഫ്ളാറ്റുകൾ പൊളിക്കാം എന്നുറപ്പ് നൽകിയ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരാകേണ്ടതില്ല. എന്നാൽ ഇതിൽ വീഴ്ച വരുത്തുകയാണെങ്കിൽ ഒക്ടോബർ 25-ന് കേസ് പരിഗണിക്കുന്പോൾ ഹാജരാകേണ്ടി വരും എന്നും ഉത്തരവിൽ കോടതി വ്യക്തമമാക്കിയിട്ടുണ്ട്.
കേസിൽ നഷ്ടപരിഹാരം നിശ്ചയിക്കാൻ മൂന്നംഗ സമിതിക്കും സുപ്രീംകോടതി രൂപം നൽകി. ജസ്റ്റീസ് കെ. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണു കമ്മിറ്റി. ഫ്ളാറ്റ് ഉടമകൾക്കു നഷ്ടപരിഹാരം ഈ സമിതി ഉറപ്പാക്കണമെന്നും ഉടമകൾക്ക് കിട്ടേണ്ട മുഴുവൻ തുക സംബന്ധിച്ച പരിശോധനയും സമിതി നടത്തമെന്നും കോടതി നിർദേശിച്ചു.
മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. ഇടക്കാല ആശ്വാസമായി 25 ലക്ഷം രൂപ സർക്കാർ താമസക്കാർക്കു നൽകണമെന്നാണു കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ തുക ഫ്ളാറ്റ് ഉടമകളിൽ നിന്ന് പിന്നീട് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം ഫ്ളാറ്റ് ഉടമകൾ നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണ്. സമാധാനപരമായി ഒഴിഞ്ഞു പോകുന്നതിന് ആവശ്യമായ സമയം അനുവദിക്കണമെന്ന ആവശ്യപ്പെട്ടാണ് ഉടമകളുടെ സമരം. ഞായറാഴ്ച മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് ഉടമകൾ അറിയിച്ചു.