മരട്: പൊളിച്ചുമാറ്റാനുള്ള ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാരായ ഉടമകള്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഉടമകള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും സമയം നീട്ടില്ലെന്ന നിലപാടിലാണ് അധികൃതർ. ഇന്ന് വൈകുന്നേരം അഞ്ച് വരെയുള്ള സമയം ഫ്ളാറ്റ് ഉടമകള്‍ക്ക് നിര്‍ണായകമാണ്. ഇതിനുശേഷം സമയം നീട്ടിനല്‍കാനാവില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഒഴിപ്പിക്കല്‍ നടപടിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് ശേഷം താത്കാലികമായി പുനഃസ്ഥാപിച്ചിരുന്ന വൈദ്യുതിയും ജലവിതരണവും വീണ്ടും വിച്ഛേദിക്കും. ഇതിനിടെ ഇന്ന് കളക്ടറേറ്റില്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ടെന്നാണ് അറിയുന്നത്. യോഗത്തില്‍ തീരുമാനമുണ്ടായാല്‍ ഈമാസം അഞ്ചുവരെ സമയം നീട്ടിനല്‍കിയേക്കുമെന്നാണ് സൂചന.
ഫ്ളാറ്റ് ഉടമകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ സബ്-കളക്ടര്‍ ജില്ലാ കളക്ടറും, മേലുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലംകണ്ടില്ല. സമയം കുറവാണെന്ന കാരണത്താല്‍ ഫ്ളാറ്റുടമകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
തുടര്‍ന്നു ഒഴിപ്പിക്കല്‍ നടപടിയുടെ ചുമതലക്കാരന് കൂടിയായ സബ് കളക്ടര്‍ ഫ്ളാറ്റുകളിലെത്തി സംസാരിക്കുകയും, മേലുദ്യോഗസ്ഥരുമായി സംസാരിച്ച് കഴിയുന്നത് ചെയ്യാമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ രാത്രി സബ് – കളക്ടര്‍ മേലുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്.
എന്നാല്‍, സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലെ കാലാവധിയായതിനാല്‍ സമയം നീട്ടിനല്‍കുന്നത് കോടതിയലക്ഷ്യമാകുമെന്നാണ അധികൃതരുടെ വാദം. നിരവധി കുടുംബങ്ങള്‍ ഇനിയും ഒഴിഞ്ഞുപോകാനുള്ള സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നതനുസരിച്ചായിരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ അറിയിച്ചു.
ഇതിനിടെ, ഫ്ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാവുന്ന പ്രത്യാഘാതങ്ങളില്‍ ആശങ്ക അറിയിച്ച് പരിസരവാസികള്‍ രംഗത്തു വന്നട്ടുണ്ട്. ഇക്കാര്യത്തില്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്കാന് നഗരസഭക്കോ, ജില്ലാ ഭരണകൂടത്തിനൊ കഴിഞ്ഞിട്ടില്ല. ആശങ്കകള്‍ അകറ്റാന്‍ സബ് – കളക്ടർ പരിസരവാസികളുമായി നേരിട്ടു ചര്‍ച്ച നടത്താനും ആലോചനയുണ്ട്.