കൊച്ചി: അനധികൃത നിർമാണത്തിന്റെ പേരിൽ മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേ സമർപ്പിച്ച റിട്ട് ഹർജികൾ ഉൾപ്പെടെ തള്ളിയതോടെ ഫ്ലാറ്റ് നിവാസികളുടെ പ്രതീക്ഷകൾ മങ്ങുന്നു. പരമോന്നത കോടതിയും കൈവിട്ടതോടെ മറ്റു വഴികൾ തേടുകയാണു പലരും. തിരിച്ചടയ്ക്കാനുള്ള പണം തിരികെ പിടിക്കാൻ ചില ബാങ്കുകളിൽനിന്നുള്ള സമ്മർദവും മുറുകുന്നതോടെ ഫ്ലാറ്റ് നിവാസികളുടെ ആശങ്കകൾ ദിനംപ്രതി വർധിക്കുന്നു.
ലക്ഷങ്ങൾ ലോണെടുത്താണു പലരും ഫ്ലാറ്റുകൾ സ്വന്തമാക്കിയിട്ടുള്ളത്. കൃത്യമായ തിരിച്ചടവുകൾ നടത്തുന്നുണ്ടെങ്കിലും ഫ്ലാറ്റുകൾ ഇല്ലാതാകുന്നതോടെ തങ്ങളുടെ പണം നഷ്ടമാകുമോയെന്നാണു ബാങ്കുകളുടെ ആശങ്ക. പല താമസക്കാരുടെയും മേൽവിലാസംപോലും ഈ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ്. വിലാസം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണു സംജാതമായിരിക്കുന്നത്.
സുപ്രീംകോടതി പൊളിച്ചുനീക്കണമെന്ന് പലകുറി നിർദേശിച്ചെങ്കിലും ഉദ്യോഗസ്ഥർക്കിടയിൽ ഇപ്പോഴും സംശയം നിലനിൽക്കുകയാണ്. പൊളിച്ചുനീക്കേണ്ടത് ആരെന്ന അവ്യക്തതയാണ് നിലനിൽക്കുന്നത്. നേരിട്ട് പൊളിച്ചുനീക്കേണ്ട സ്ഥിതി സംജാതമായാൽ ഫണ്ടില്ലാതെ നഗരസഭാ ഓഫീസ് പ്രവർത്തനം ഉൾപ്പെടെ താറുമാറാകുമെന്ന് മരട് നഗരസഭ അധികൃതരും പറയുന്നു. പൊളിച്ചുനീക്കുന്ന പ്രവൃത്തികൾക്കായി 30 കോടി രൂപയ്ക്കു മുകളിൽ ചെലവാകുമെന്നാണു അധികൃതരുടെ കണക്കുകൂട്ടൽ.
ഇത്രയും തുക കണ്ടെത്താൻ നിലവിലെ സാഹചര്യത്തിൽ നഗരസഭയ്ക്കു സാധിക്കില്ലെന്നും തുക കണ്ടെത്തേണ്ടിവന്നാൽ നഗരസഭയുടെ കീഴിലുള്ള മുഴുവൻ പ്രവർത്തനങ്ങളും സ്തംഭനാവസ്ഥയിലാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. വിഷയുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽവരെ ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തികഴിഞ്ഞു.
കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റ്, ഗോൾഡൻ കായലോരം, നെട്ടൂർ ആൽഫാ വെഞ്ചേഴ്സ്, ജെയ്ൻ കോറൽ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്ലാറ്റുകളാണു പൊളിച്ചുനീക്കേണ്ടത്. ഇതിൽ ഹോളിഡേ ഹെറിറ്റേജിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിനാൽ ഇതുവരെ പണി തുടങ്ങിയിട്ടില്ല. മറ്റ് ഫ്ലാറ്റുകളിലായി മുന്നൂറിലധികം കുടുംബങ്ങളാണ് കഴിഞ്ഞുവരുന്നത്. ഡോക്ടർമാരും സിനിമാ മേഖലയിൽനിന്നടക്കമുള്ളവരും ഇവിടെ താമസിച്ചുവരുന്നു.