മരട്: മരട് നഗരസഭയിലെ നാലു ഫ്ളാറ്റുകൾ പൊളിക്കാനുള്ള നീക്കത്തിനെതിരേ ഫ്ളാറ്റ് ഉടമകളുടെ കൂടായ്മയായ മരട് ഭവനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ കാര്യാലയത്തിനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരത്തിനു തുടക്കമായി. പൊളിക്കാൻ ഉത്തരവിട്ട ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റിനു മുന്നിലും സത്യഗ്രഹം ആരംഭിച്ചു.
സമരത്തിനു പിന്തുണയും അനുഭാവവും പ്രകടിപ്പിച്ചു നിരവധി സംഘടനകളും വ്യക്തികളും മരടിലേക്കു വന്നുകൊണ്ടിരിക്കുന്നു. കോൺഗ്രസ്, സിപിഎം, ബിജെപി സംസ്ഥാന-ജില്ലാ നേതാക്കൾ ഫ്ളാറ്റിലെ താമസക്കാരെ നേരിൽകണ്ട് ഇന്നലെ പിന്തുണ അറിയിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തിവരുന്നു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണു തീരുമാനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയവർ അടുത്ത ദിവസങ്ങളിൽ മരടിലെത്തും.
മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിനെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നു കേരള കോണ്ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മരടിലെ ഫ്ളാറ്റുകൾ നിർമിക്കാൻ അനുമതി കൊടുക്കുകയും നിർമിക്കുകയും ചെയ്തവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുകയും നഷ്ടപരിഹാരം ഇവരിൽനിന്ന് ഈടാക്കുകയും ചെയ്യണം. നിയമപ്രകാരം രജിസ്റ്റർ ചെയ്തു നികുതിയടച്ചാണ് എല്ലാവരും ഫ്ളാറ്റിൽ താമസിക്കുന്നത്. എന്നിട്ടും കിടപ്പാടം നഷ്ടമാകുന്നത് ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നു യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. സേവി കുരിശുവീട്ടിൽ, ജോണി അരീക്കാട്ടിൽ, കെ.വി. വർഗീസ്, ജിസൻ ജോർജ്, സുനിൽ ഈപ്പൻ, സെബി ആന്റണി, ജോസഫ് മണവാളൻ, സണ്ണി ജോസഫ്, ബാബു കോട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.
മരടിലെ ഫ്ളാറ്റുകൾക്ക് അനധികൃതമായി നിർമാണ അനുമതി നൽകിയ ഉദ്യോഗസ്ഥരിൽനിന്നു നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ തയാറാകണമെന്നു യൂത്ത് ഫ്രണ്ട്-ജേക്കബ് ആവശ്യപ്പെട്ടു. ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് പ്രേംസണ് മാഞ്ഞാമറ്റം യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാജൻ ജോസഫ് അധ്യക്ഷത വഹിച്ചു. ജോമോൻ കുന്നുംപുറം, സ്റ്റാലിൻ പുല്ലംകോട്, മൻസൂർ പാളയംപറന്പിൽ, പ്രിൻസ് വെള്ളറക്കൽ, ജിജി ചാര്പ്ലാവിൽ, ബിബിൻ മണ്ണത്തൂർ, ടിബിൻ തങ്കച്ചൻ, അഖിൽ എസ്. നാഥ്, ആൽബിൻ പ്ലാക്കിൽ എന്നിവർ പ്രസംഗിച്ചു.
സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരിക്കുന്ന മരടിലെ ഫ്ളാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ ഏറ്റെടുക്കണമെന്നു കേരള സ്വതന്ത്ര തൊഴിലാളി യൂണിയൻ(കെഎസ്ടിയു) എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി ഫ്ളാറ്റുകൾ നിർമിച്ചു ജനങ്ങളെ കബളിപ്പിച്ചു വില്പന നടത്തിയ ഫ്ളാറ്റ് ഉടമകളുടെയും ഇതിനു ഒത്താശ ചെയ്ത തദ്ദേശ സ്ഥാപന, സർക്കാർ ഉദ്യോഗസ്ഥരുടെയും പേരിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണം. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഫ്ളാറ്റിൽനിന്നു കുടിയിറക്കപ്പെടുന്ന കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ പാലാക്കത്തറ, ജനറൽ സെക്രട്ടറി കെ.കെ. വേലായുധൻ, വൈസ് പ്രസിഡന്റ് മുരളി വരാപ്പുഴ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഫ്ളാറ്റ് ഉടമകളോടു മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നു നെട്ടൂർ വികസന സമിതി ആവശ്യപ്പെട്ടു. അതിജീവന പോരാട്ട വേദി പ്രവർത്തകർ നാളെ രാവിലെ 11ന് മരടിൽ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രധിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും.
ഫ്ളാറ്റുകൾ പൊളിക്കാൻ ഏജൻസികൾ രംഗത്ത്
കൊച്ചി: മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള കരാറിനായി നിരവധി ഏജൻസികൾ രംഗത്ത്. മരട് നഗരസഭ കഴിഞ്ഞ 10നു ക്ഷണിച്ച ഇ-ടെൻഡറിലേക്കാണ് ഏജൻസികൾ കരാറിനായി അപേക്ഷിച്ചിരിക്കുന്നത്. നാളെ ചേരുന്ന കൗൺസിൽ യോഗം ഇതിന്മേലുള്ള അന്തിമ തീരുമാനം കൈകൊള്ളുമെന്നു നഗരസഭാ സെക്രട്ടറി പറഞ്ഞു.
ഫ്ളാറ്റ് ഒഴിഞ്ഞുപോകുന്നതിനു താമസക്കാർക്ക് അനുവദിച്ചിട്ടുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേ വരും ദിവസങ്ങളിൽ നഗരസഭയും സർക്കാരും സ്വീകരിക്കുന്ന നടപടികളിൽ ഉറ്റുനോക്കുകയാണ് ഫ്ളാറ്റ് നിവാസികൾ.