കൊച്ചി: മരടിലെ നാലു ഫ്ളാറ്റുകളും പൊളിക്കുക നിയന്ത്രിത സ്ഫോടനത്തിൽ. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, ക്രെയിനുകൾ ഉപയോഗിച്ചു ഫ്ളാറ്റുകൾ പൊളിക്കാനായിരുന്നു തീരുമാനം. ക്രെയിനുകൾ ഉപയോഗിച്ചു പൊളിച്ചാൽ കാലതാമസം ഉണ്ടാകുമെന്നതിനാലാണു നിയന്ത്രിത സ്ഫോടനത്തിൽ പൊളിക്കാൻ തീരുമാനിച്ചതെന്നും സ്നേഹിൽ കുമാർ വ്യക്തമാക്കി. നാലു ഫ്ളാറ്റുകളും ഒരേ സമയത്ത് പൊളിച്ചുതുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിച്ച മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തിൽ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് പുറത്തുവന്നതോടെയാണു ഫ്ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭ ഈ മാസം ആദ്യം ടെൻഡർ ക്ഷണിച്ചിരുന്നു. ഇതുപ്രകാരം 15 കന്പനികളാണു മുന്നോട്ടു വന്നിട്ടുള്ളത്.
ഇതിൽനിന്ന് മുൻപരിചയത്തിന്റെ അടിസ്ഥാനത്തിൽ 10 കന്പനികളുടെ ചുരുക്കപ്പട്ടിക തയാറാക്കി കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിരുന്നു. ഇവരിൽ ആറ് കന്പനികളുടെ പ്രതിനിധികളുമായി സ്നേഹിൽ കുമാർ സിംഗ് ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയാറാക്കിയ കന്പനികളോട് ഉടൻ ടെൻഡറുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്പു തയാറാക്കിയ പദ്ധതികൾ പ്രകാരം ഫ്ളാറ്റുകളിലെ താമസക്കാരെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾക്കാണ് ഇനി മുൻഗണന. ഇതിനു മുന്നോടിയായി അധികൃതർ ഫ്ളാറ്റ് ഉടമകളുമായി ചർച്ച നടത്തുമെന്നാണ് സൂചന. ജില്ലാ ഭരണകൂടത്തിനാണു പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൂർണ ചുമതല. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ സ്വന്തം ഫ്ളാറ്റുകളിൽ താമസിക്കാൻ അനുവദിക്കണമെന്ന ഫ്ളറ്റുടമകളുടെ ആവശ്യം സുപ്രീം കോടതി തള്ളിയതിനാൽ താമസക്കാർക്ക് അധികം വൈകാതെ ഒഴിയേണ്ടിവന്നേക്കും.
ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച നടപടികളും ഉടൻ ആരംഭിക്കും. നാലാഴ്ചയ്ക്കകം പണം കൈമാറുമെന്നാണ് സൂചന. ഒഴിപ്പിക്കൽ നടപടികളുടെ ആദ്യഘട്ടമായി കഴിഞ്ഞ ദിവസം ഫ്ളാറ്റുകളിലെ വൈദ്യുതിബന്ധവും ജലവിതരണവും വിച്ഛേദിച്ചിരുന്നു.
മരടിലെ നാല് ഫ്ളാറ്റ് നിർമാതാക്കളുടെ സ്വത്തുവകകൾ സുപ്രീം കോടതി കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. പോൾ രാജ് (ഡയറക്ടർ, ആൽഫാ വെഞ്ചേഴ്സ്), സാനി ഫ്രാൻസിസ് (മാനേജിംഗ് ഡയറക്ടർ, ഹോളി ഫെയ്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപേഴ്സ്), സന്ദീപ് മാലിക് (മാനേജിംഗ് ഡയറക്ടർ, ജെയിൻ ഹൗസിംഗ് ആൻഡ് കണ്സ്ട്രക്ഷൻ), കെ.വി.ജോസ് (മാനേജിംഗ് ഡയറക്ടർ, കെ.പി. വർക്കി ആൻഡ് ബിൽഡേഴ്സ്) എന്നിവരുടെ വസ്തുവകകളും ബാങ്ക് അക്കൗണ്ടുകളുമാണു കണ്ടുകെട്ടിയത്.