കൊച്ചി: മരടിലെ ഹോളി ഫെയ്ത്ത്, എച്ച്ടുഒ, ജെയിന് കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകള്‍ പൊളിക്കുന്ന എഡിഫസ് കമ്പനിക്ക് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് ഓര്‍ഗനൈസേഷന്റെ (പെസോ) അനുമതി ലഭിച്ചാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം തന്നെ സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ ആരംഭിക്കും.
ആദ്യം താഴെ വീഴുന്ന ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് പൊളിക്കുന്നതിന് എഡിഫസ് കമ്പനി പെസോയ്ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ ഏതാനും രേഖകള്‍ മാറ്റി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്നലെ സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയായതിനാല്‍ അപേക്ഷ സമര്‍പ്പിക്കാനായില്ല. ഇന്ന് രാവിലെ മാറ്റം വരുത്തിയ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
അപകാതകള്‍ ഒന്നുമില്ലെങ്കില്‍ അനുമതി നല്‍കുമെന്ന് ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ് ഡോ.ആര്.വേണുഗോപാല്‍ അറിയിച്ചു. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മുതല്‍ തന്നെ ഹോളിഫെയ്ത്തിലെ ദ്വാരങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ നിറയ്ക്കാന്‍ തുടങ്ങും. അങ്കമാലിയിലെ സംഭരണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്ഫോടക വസ്തുക്കള്‍ നിറക്കുന്നതിനു തൊട്ടുമുന്‍പാണ് മരടിലേക്കെത്തിക്കുക.
അതീവ സുരക്ഷ സന്നാഹങ്ങളോടെയായിരിക്കും സ്ഫോടകവസ്തുക്കള്‍ നിറക്കുക. സ്ഫോടകവസ്തുക്കള്‍ എത്തിച്ചുകഴിഞ്ഞാല്‍ ഫ്ളാറ്റിന്റെ സമീപത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ല. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ കരാര്‍ എടുത്തിരിക്കുന്നവരോടും ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടും.
ഹോളിഫെയ്ത്തിനു സമീപത്തുകൂടി രണ്ട് മീറ്റര്‍ ആഴത്തില്‍ കടന്നു പോകുന്ന ഐഒസിയുടെ ഇന്ധന പൈപ് ലൈനു മുകളില്‍ മണല്‍ചാക്കുകള്‍ നിറച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ഫ്ളാറ്റിനു സമീപം 50 മീറ്റര്‍ ദൂരത്തിലാണ് മണല്‍ചാക്കുകള്‍ മതില് പോലെ അട്ടിയിടുന്നത്. ഇതുകൂടാതെ സ്ഫോടനത്തിനു ദിവസങ്ങള്‍ക്കു മുമ്പ് പൈപ്പ് ലൈനില്‍ ഐഒസി ജെട്ടി മുതല്‍ ഇരുമ്പനം വരെ വെള്ളം നിറയ്ക്കും.
ജെട്ടി മുതല്‍ ഇരുമ്പനം ഐഒസി പ്ലാന്റ് വരെ 16 കിലോ മീറ്റര്‍ ദൂരമാണ് പെട്രോളും ഡീസലും നിറച്ച പൈപ്പ് ലൈന്‍ കടന്നു പോകുന്നത്. സ്ഫോടനശേഷം അവശിഷ്ടങ്ങള്‍ എടുത്തുമാറ്റുകയും പൈപ്പ് ലൈനിന് ചോര്‍ച്ചയോ കേടുപാടോ സംഭവിച്ചില്ലെന്ന് ഐി അധികൃതര്‍ പരിശോധിച്ച് വിലയിരുത്തുകയും ചെയ്ത ശേഷമേ ഇന്ധന വിതരണം പുനസ്ഥാപിക്കൂ.