മരട്: ഫ്ളാറ്റുകൾ പൊളിച്ചുമാറ്റൽ അപകടരഹിതമായി എന്നാശ്വസിക്കുമ്പോഴും പ്രദേശവാസികൾക്ക് ദുരിതം ഒഴിയുന്നില്ല. വൻ കെട്ടിടങ്ങൾ നിലംപൊത്തിയപ്പോൾ ഉണ്ടായ അവശിഷ്ടങ്ങളിൽ നിന്ന് ഉയർന്ന പൊടിപടലം പ്രദേശമാകെ വൻതോതിൽ വ്യാപിച്ചിരിക്കുകയാണ്.
പരിസരത്തെ കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയിലെല്ലാം പൊടിപടലങ്ങൾ പറന്നെത്തിയിട്ടുണ്ട്. പൊടി അടങ്ങാതെ തങ്ങളുടെ ജീവിതം എങ്ങനെ സാധാരണ നിലയിലാകും ആശങ്കയിലാണ് പൊളിച്ച ഫ്ളാറ്റുകളുടെ പരിസരത്തെ നിരവധി കുടുംബങ്ങൾ.
പ്രദേശത്ത് നാലുനിലക്കെട്ടിടത്തോളം ഉയരത്തിൽ കെട്ടിടാവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുകയാണ് . ഇവയെല്ലാം നീക്കാൻ മൂന്നു മാസം വേണ്ടിവരുമെന്നാണ് നിഗമനം. അവശിഷ്ടങ്ങൾ ലോറിയിലും മറ്റുമായി നീക്കംചെയ്യും. ഇതിനായി സ്വകാര്യ കമ്പനിക്ക് കരാർ നൽകി കഴിഞ്ഞു. ജെസിബിയും മറ്റും ഉപയോഗിച്ച് നീക്കം ചെയ്യുന്ന ഘട്ടത്തിലും പൊടിപടലങ്ങൾ ഉയർന്ന് വീണ്ടും പ്രദേശത്ത് വ്യാപിക്കാനിടയുണ്ട്.
സബ് കളക്ടർക്കു ബിഗ് സല്യൂട്ട്: ചെയർപേഴ്സണ്
സ്വന്തം ലേഖകൻ
കൊച്ചി: നിയന്ത്രിത സ്ഫോടനത്തിലൂടെ ആദ്യദിനം ഫ്ലാറ്റ് സമുച്ചയങ്ങൾ നിലംപതിച്ചപ്പോൾ കാര്യമായ നാശനഷ്ടങ്ങൾ ഒഴിവായതിൽ പൊളിക്കലിന്റെ ചുമതയുണ്ടായിരുന്ന സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിനു സല്യൂട്ട് നൽകി മരട് നഗരസഭ ചെയർപേഴ്സണ്. പ്രതീക്ഷിച്ചിരുന്നതു വലിയരീതിയിലുള്ള നാശനഷ്ടങ്ങളായിരുന്നെങ്കിലും ഏതാനും വീടുകളുടെ ജനൽച്ചില്ലുകളും മറ്റും തകരുന്ന ചെറിയതോതിലുള്ള നാശങ്ങൾ മാത്രമാണു സ്ഫോടനത്തെത്തുടർന്നുണ്ടായതെന്നു ചെയർപേഴ്സണ് ടി.എച്ച്. നദീറ പറഞ്ഞു
ആൽഫ സെറീൻ ഇരട്ട ഫ്ലാറ്റ് സമൂച്ചയത്തിനോട് ചേർന്നു സ്ഥിതിചെയ്യുന്ന മൂന്നോളം വീടുകൾക്ക് കാര്യമായ നഷ്ടം സംഭവിക്കുമെന്നു കരുതിയിരുന്നു. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. ഏതാനും മാസമായി കൊണ്ടുനടന്ന വലിയ ഭാരമാണ് ഇതോടെ ഒഴിവായത്. സബ് കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ വ്യക്തമായ ആസൂത്രണത്തിന്റെയും കൂട്ടായപ്രവർത്തനത്തിന്റെയും ഫലമാണിത്. ഇതിനു സബ് കളക്ടർക്ക് ബിഗ് സല്യൂട്ട്.
ആൽഫ സെറീന് സമീപത്തെ പരിസരവാസികൾ ഭൂരിഭാഗവും സാധാരണക്കാരായ ജനങ്ങളാണ്. കെട്ടിടങ്ങൾ പൊളിക്കുന്നതു സംബന്ധിച്ച് ഇവർക്ക് വ്യക്തമായ ധാരണ നൽകുന്നതിൽ അധികാരികൾക്ക് ചെറിയതോതിലുള്ള പിഴവുകൾ സംഭവിച്ചിട്ടുണ്ട്. ആദ്യം മുതലേ വ്യക്തത ഉണ്ടായിരുന്നെങ്കിൽ പരിസരവാസികൾക്ക് ഇത്രയുമധികം ആശങ്കപ്പെടേണ്ട കാര്യമില്ലായിരുന്നു. എല്ലാം നല്ലരീതിയിൽ നടന്നതിൽ സന്തോഷമുണ്ട്.
ആൽഫ സെറീന്റെ രണ്ടാം ടവറിന്റെ കുറച്ചുഭാഗം കായലിൽ പതിച്ചത് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നു കളക്ടർ അറിയിച്ചിട്ടുണ്ട്. ഇന്നു പൊളിക്കുന്ന ഫ്ലാറ്റുകളുടെ കാര്യത്തിൽ വലിയ ആശങ്കകളില്ലെന്നും ചെയർപേഴ്സണ് പറഞ്ഞു.
അവശിഷ്ടങ്ങൾക്ക് നാലുനില കെട്ടിടത്തിന്റെ ഉയരം
കൊച്ചി: നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത മരടിലെ രണ്ടു പ്ലാറ്റ് സമുച്ചയങ്ങളുടെ അവശിഷ്ടങ്ങൾ 70 ദിവസത്തിനുള്ളിൽ നീക്കംചെയ്യും. ഇതിന്റെ നടപടികൾ രണ്ടു ദിവസത്തിനകം തുടങ്ങും. നാലുനില കെട്ടിടത്തിന്റെ ഉയരത്തിലാണ് അവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നത്.
ഒരു ഫ്ലാറ്റിൽനിന്ന് ഇരുപതിനായിരം ടണ് വീതം നാലു പ്ലാറ്റുകളിൽനിന്ന് ഏകദേശം 80,000 ടൺ കോണ്ക്രീറ്റ് മാലിന്യമുണ്ടാകുമെന്നാണു കണക്കുകൂട്ടൽ. ഇവ പൊടിച്ച് എം സാൻഡ് ആക്കി മാറ്റും. കന്പികൾ വീണ്ടും ഉപയോഗിക്കാനാകും. കോണ്ക്രീറ്റ് കട്ടകൾ പൊടിച്ചു കന്പികൾ വേർപെടുത്തിയശേഷമാകും അവശിഷ്ടങ്ങൾ നീക്കുക. അരൂരിനു സമീപം ചന്ദിരൂരിലുള്ള യാർഡിലേക്കാണ് ഇവ കൊണ്ടുപോകുന്നത്.
ആൽഫ സെറീൻ ഫ്ലാറ്റിൽനിന്നു കായലിൽ വീണ കോണ്ക്രീറ്റ് ഭാഗങ്ങൾ ഉടൻ കരയിലേക്കു മാറ്റും. ആലുവ കേന്ദ്രമായുള്ള പ്രോംപ്റ്റ് എന്ന സ്ഥാപനമാണു നാലു ഫ്ലാറ്റുകളിലെയും കോണ്ക്രീറ്റ് മാലിന്യം നീക്കാൻ കരാർ എടുത്തിരിക്കുന്നത്.
രാത്രി വൈകിയും ജനപ്രവാഹം
മരട്: നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തകർത്ത ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങൾ കാണാൻ രാത്രി വൈകിയും പ്രദേശത്തേക്ക് ജനപ്രവാഹം. മരട് പരിസരങ്ങളിൽ നിന്നു കാൽനടയായും ഇരുചക്രവാഹനങ്ങളിലും നിരവധി പേരാണ് ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങൾ കിടക്കുന്ന പ്രദേശത്തെത്തുന്നത്. മാത്രമല്ല, ജില്ലയുടെ പല ഭാഗത്തുനിന്നും മറ്റു ജില്ലകളിൽ നിന്നും കാഴ്ചക്കാരായി നിരവധി പേരാണ് എത്തുന്നത്.
പ്രദേശത്ത് പൊടിപടലങ്ങൾ വ്യാപിച്ചത് അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ടെങ്കിൽതന്നെ ഇതവഗണിച്ചാണ് ആളുകൾ എത്തുന്നത്.