മരട്: സുപ്രീം കോടതി വിധിയെത്തുടർന്നു പൊളിക്കാൻ ഉത്തരവായ മരടിലെ ഫ്ളാറ്റ് ഉടമകൾക്കു നഷ്ടപരിഹാര തുക നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചു. ഉടമസ്ഥാവകാശം തെളിക്കുന്ന അസൽ രേഖകളുമായി ഇന്നലെ നഗരസഭാ കാര്യാലയത്തിലെത്തിയ ഉടമകൾക്ക് ഇവ പരിശോധിച്ചു രസീതുകൾ നൽകി.
ഫ്ളാറ്റുകളിൽനിന്ന് ഒഴിഞ്ഞുപോയ യഥാർഥ ഉടമകൾക്ക് കോടതി ഉത്തരവിൽ പറയുന്ന 25 ലക്ഷം രൂപ വീതമാണ് ആദ്യഘട്ടമായി സർക്കാർ നൽകുക. പരമാവധി രണ്ടാഴ്ചകൾക്കകം പണം അവരവരുടെ അക്കൗണ്ടിൽ ലിഭിക്കുമെന്നാണ് ഔദ്യോഗിക വിവരം.
മരട് നഗരസഭയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാക്കിയാണ് അർഹതപ്പെട്ടവരുടെ പട്ടിക തയാറാക്കുക. ഫ്ളാറ്റുകൾ വാങ്ങിയതിന്റെ വിലയാധാരങ്ങൾ, കരാർ രേഖകൾ തുടങ്ങിവയും പരിശോധനയ്ക്കായി നൽകേണ്ടതുണ്ട്. നഷ്ടപരിഹാരതുക ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായിരിക്കും നിക്ഷേപിക്കുക.
നഗരസഭയിൽ ലഭ്യമായ കണക്കനുസരിച്ചു നാലിടങ്ങളിലായുള്ള 326 ഫ്ളാറ്റുകളിൽ 140 എണ്ണത്തിന് ഉടമസ്ഥാവകാശ രേഖകളില്ലെന്നു റവന്യൂ വിഭാഗം അറിയിച്ചു. ഫ്ളാറ്റുകൾ വാങ്ങിയ സമയത്തു നിർമാതാക്കളിൽനിന്നു യഥാർഥ രേഖകൾ കൈപ്പറ്റാതിരുന്ന ഉടമകളുടേതാണ് ഇത്തരത്തിലുള്ള പല ഫ്ളാറ്റുകളും. രേഖകളില്ലാതാകാൻ മറ്റു കാരണങ്ങളുമുണ്ടാകാം. കൈവശാവകാശ രേഖകൾ ഇല്ലാത്തവർക്കും ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയാത്തവർക്കും നഷ്ടപരിഹാരം ഉടൻ ലഭിക്കുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തതവന്നിട്ടില്ല.
വില കുറച്ചു കാണിച്ചു രജിസ്റ്റർ ചെയ്ത നിരവധി ആധാരങ്ങളുമുണ്ട്. ഫ്ളാറ്റ് നിർമാതാക്കൾ നേരിട്ടാണ് ഇത്തരം രജിസ്ട്രേഷനുകൾ നടത്തി രേഖകൾ തങ്ങൾക്കു കൈമാറിയിരിക്കുന്നതെന്നാണ് ഉടമകൾ പറയുന്നത്. ഇതിലും തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നും ഉടമകൾ കരുതുന്നു. ആധാരത്തിൽ 25 ലക്ഷത്തിൽ കുറവു തുക കാണിച്ചവർക്കു സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം പൂർണമായി കിട്ടുമോ ആശങ്കയും ഉടമകളിൽ പലർക്കുമുണ്ട്. താമസമുണ്ടായിരുന്ന ഭൂരിഭാഗം ഫ്ളാറ്റുകളിൽനിന്നും താമസക്കാർ സാധനങ്ങളുമായി ഒഴിഞ്ഞുപോയിട്ടുണ്ട്.