കോഴിക്കോട്:പ്രദേശവാസികളെയും പോലീസിനെയും വട്ടം കറക്കിയ “മാറാട് കള്ളൻ’ പിടിയിൽ .പയ്യാനക്കൽ മുല്ലത്ത് വീട്ടിൽ ആദർശ് (22 ) ആണ് പിടിയിലായത്.
ഒരു മാസമായി കള്ളൻ മാറാട് , ബേപ്പൂർ ഭാഗങ്ങളിൽ വീടിന്റെ വാതിലിൽ തട്ടുകയും പുറത്ത് പൈപ്പ് തുറന്നിടുകയും വീടുകൾക്ക് കല്ലെറിയുകയും ചെയ്ത് ജനങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു.
ഒരു സ്ഥലത്ത് വീടിന്റെ വാതിലിൽ മുട്ടിയ ശേഷം അവിടെ നിന്നും സ്വന്തം ബൈക്കിൽ രക്ഷപ്പെട്ട് മറ്റൊരിടത്ത് ഇത് ആവർത്തിക്കുന്നതായിരുന്നു രീതി .
പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ ഊടുവഴികൾ തെരഞ്ഞെടുക്കുക എന്നതായിരുന്നു ഇയാളുടെ രീതി. വരുന്ന വഴിയിൽ കയ്യിൽ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകൾക്ക് നേരെ എറിയും.
ആളില്ലാത്ത വീടാണെങ്കിൽ പുറത്തെ പൈപ്പ് തുറന്നിടും . കള്ളനെ തെരയുന്ന പ്രദേശവാസികൾ സ്വയം സമ്പർക്കനിയന്ത്രണം ലംഘിക്കേണ്ട അവസ്ഥ യിൽ വരെ കാര്യങ്ങൾ എത്തി.
സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജിന്റെ നിർദ്ദേശപ്രകാരം സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കള്ളനെ പിടികൂടിയത്.
സ്നേഹം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനാണ് പ്രതി രാത്രി ഏഴോടെ “കള്ളൻ” വേഷമിടുന്നത്. കഴിഞ്ഞ ദിവസം മാറാട് പോലീസ് ഇന്‍സ്പെക്ടർ കെ. വിനോദിന്റെ നിർദ്ദേശപ്രകാരം കള്ളനെ പിടികൂടാൻ പുറത്തിറങ്ങാതെ എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്നു .
റോഡിലൊന്നും ആളുകളെ കാണാതായതിൽ പന്തികേട് തോന്നിയ പ്രതി വീടിന്റെ കുളിമുറിയിൽ കയറി ഒളിച്ചിരുന്നു. കുളിക്കാൻ വന്ന സ്ത്രീയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിവന്നപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു.
സ്ത്രീയിൽ നിന്നും വീട്ടുകാരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. സിസിടിവിയിൽ പതിഞ്ഞ പ്രതിയുടെ ചിത്രം കൂടിയായപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞു. പോലീസ് താമസ സ്ഥലത്തെത്തി പ്രതിയെപിടികൂടി.
ലഹരിക്ക് അടിമപ്പെട്ട യുവാക്കൾ അലഞ്ഞു നടന്നതും പ്രതിക്ക് സഹായമായത്.ഇങ്ങനെ രാത്രി നടന്ന ആറുപേർക്കെതിരേ പോലീസ് ലോക്ക് ഡൗൺ ലംഘിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാറാട് സബ് ഇൻസ്പെക്ടർ ബി.ടി. സനൽകുമാർ, കെ.വി.ശശികുമാർ, സീനിയർ സിപിഒ പി. അജിത്ത്കുമാർ, സി. അരുൺ കുമാർ, പി. സരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.