മറയൂർ: കേരളത്തിലെ മറയൂർ ശർക്കര ഉൾപ്പെടെയുള്ള 25 ഇനം കാർഷിക ഉത്പന്നങ്ങൾ ലോക ബ്രാൻഡുകളോടൊപ്പം മത്സരിക്കുന്ന തരത്തിൽ ആകർഷകമായ പാക്കിംഗുകളിൽ കേരള ബ്രാൻഡായി വിപണിയിലെത്തിക്കാനുള്ള നടപടി കൃഷിവകുപ്പ് ആരംഭിച്ചു.
ചെറുകിട കർഷക അഗ്രിബിസിനസ് കണ്‍സോർഷ്യത്തിന്റെ കീഴിൽ കേന്ദ്രസർക്കാർ സ്ഥാപനമായ മുംബൈ ഐഐപി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ്) യുമായി സഹകരിച്ചാണു പദ്ധതി.
ഇതിന്റെ മുന്നോടിയായി 24 മുതൽ 26 വരെ തിരുവനന്തപുരം ആനയറയിൽ കൃഷി വകുപ്പിന്റെ പരിശീലനകേന്ദ്രമായ സമേതിയിൽ തെരഞ്ഞെടുക്കപ്പെട്ട കർഷകസംഘങ്ങൾക്കും സ്ഥാപനങ്ങൾക്കും പരിശീലനം നൽകും.
40 മൂല്യവർധിത ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കുമാണ് ആദ്യഘട്ട പരിശീലനം നല്‍കുന്നത്. ഇതിൽ ഭൗമസൂചിക പദവി ലഭിച്ച മറയൂർ ശർക്കരയും വാഴക്കുളം പൈനാപ്പിളും ഉൾപ്പെടും.
നാടൻ ചക്ക ചിപ്സ്, ഏത്തക്ക ചിപ്സ്, വെളിച്ചെണ്ണ, നാളികേര ഉത്പന്നങ്ങൾ, മുരിങ്ങക്ക തുടങ്ങിയവയും പുതിയ രൂപത്തിൽ ലോകവിപണികളിൽ എത്തും.
പരിശീലനത്തിനും തുടർപ്രവർത്തനങ്ങൾക്കും ഒരു ഉത്പന്നത്തിന് രണ്ടര ലക്ഷം രൂപ കൃഷി വകുപ്പ് ഐഐപിക്ക് നല്‍കും. 40 സംഘങ്ങളിൽനിന്നും 25 ഉത്പന്നങ്ങൾ തെരഞ്ഞെടുക്കും. ഉത്പന്നങ്ങളുടെ കാലദൈർഘ്യം, ഗുണമേന്മ, വിപണനസാധ്യത എന്നിവ പരിഗണിച്ചാണ് തെരഞ്ഞെടുക്കുന്നത്.
മൂന്നുതരം പായ്ക്കിംഗുകളുടെ പരിശീലനമാണ് നല്‍കുക. പ്രീമിയർ, ഓർഡിനറി, ഗിഫ്റ്റ് എന്നീ രൂപത്തിലുള്ള പാക്കിംഗുകൾ തയാറാക്കി ഉത്പന്നങ്ങർ വിപണിയിലെത്തിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.
മറയൂർ ശർക്കര ഉത്പാദന സംഘങ്ങളുടെ പ്രതിനിധികളായി മറയൂർ കരിന്പ് ഉത്പാദക സമിതിയിലെ വിജയൻ, മഹാഡ് സംഘത്തിലെ എസ്. ഇന്ദ്രജിത് എന്നിവർ പങ്കെടുക്കും.