തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്നവര്‍ക്ക് ഇനി അതിവേഗം രക്ഷാ കവചം. അപകടത്തിൽപ്പെടുന്നവരെ കടലിൽ വച്ച് തന്നെ പ്രാഥമിക ചികിത്സ നല്കി വളരെ വേഗം കരയിലെത്തിക്കാൻ സഹായിക്കുന്ന മറൈൻ ആംബുലൻസുകൾ തയാറായിക്കഴിഞ്ഞു.
കൊച്ചിന് ഷിപ്പ്യാര്ഡില് നിര്‍മിച്ച അത്യാധുനിക സംവിധാനങ്ങളുള്ള മറൈൻ ആംബുലൻസ് ബോട്ടുകളുടെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
കടൽ സുരക്ഷയ്ക്കായി മൂന്ന് അത്യാധുനിക മറൈൻ ആംബുലൻസുകളാണ് തയാറാകുന്നത്. ആദ്യത്തെ ആംബുലൻസ് ബോട്ടായ പ്രതീക്ഷ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
ബോട്ട് കൊച്ചിൻ ഷിപ് യാർഡിൽ നിന്നു വിഴിഞ്ഞത്തേക്ക് തിരിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അധ്യക്ഷത വഹിച്ചു. പ്രതീക്ഷ,പ്രത്യാശ, കാരുണ്യ എന്നീ മറൈൻ ആംബുലൻസുകളാണ് ഇന്ന് നീരണിഞ്ഞത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകള്‍ക്കായാണ് മറൈൻ ആംബുലൻസുകൾ സജ്ജമാക്കിയിരിക്കുന്നത്. അഞ്ച് പേർക്ക് ഒരേ സമയം ക്രിട്ടിക്കൽ കെയർ നൽകാൻ സാധിക്കും.
പ്രാഥമിക ചികിത്സയ്ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, 24 മണിക്കൂര്‍ പാരാ മെഡിക്കല്‍ സ്റ്റാഫിന്റെ സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റെസ്ക്യൂ സ്റ്റാഫുകൾ, മോർച്ചറി എന്നീ സജ്ജീകരണങ്ങൾ ആംബുലൻസിലുണ്ട്.
2018 മേയ് 31നാണ് മറൈന്‍ ആംബുലന്‍സുകളുടെ നിര്‍മാണത്തിനായി കൊച്ചിന് ഷിപ്പ് യാര്‍ഡുമായി സംസ്ഥാന സര്‍ക്കാര്‍ കരാറിൽ ഏര്‍പ്പെട്ടത്. ഒരു ബോട്ടിന് 6.8 കോടി വീതം 18.24 കോടിയുടേതാണ് പദ്ധതി.
23 മീറ്റർ നീളവും 5.5 മീറ്റർ വീതിയും 3 മീറ്റർ ആഴവുമുള്ള മറൈൻ ആംബുലൻസുകളിൽ 700 എച്ച്പി വീതമുള്ള 2 സ്കാനിയാ എഞ്ചിനുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ആംബുലന്‍സുകള്‍ക്ക് പരമാവധി 14 നോട്ടിക്കല്‍ മൈല്‍ സ്പീഡ് ലഭിക്കും