ചവറ : നിയമ വിരുദ്ധമായി തീവ്രതയേറിയ ലൈറ്റ് ഇട്ട് കേരള തീരത്തോടു ചേർന്ന് കടലിൽ മത്സ്യ ബന്ധനം നടത്തിയ തമിഴ്നാട് ബോട്ടിനെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുത്തു.
തമിഴ്നാട് കുളച്ചൽ സ്വദേശി ബൗളിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗ്രേസ് എന്ന ബോട്ടാണ് പിടിയിലായത് .മറൈൻ പോലീസ് സുപ്രണ്ട് കിഷോർ കുമാറിന്റെ നിർദേശപ്രകാരം
നീണ്ടകര മറൈൻ എൻഫോഴ്സ്മെന്റ് സർക്കിൾ ഇൻസ്പെക്ടർ എസ് എസ് ബൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ പെട്രോളിംഗിലാണ് അനധികൃത മാർഗത്തിൽ തീവ്രതയേറിയ വെളിച്ചം ഉപയോഗിച്ച് തിരത്തോടു ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ടു പിടിയിലായത്.
ലൈറ്റുകൾ മറ്റ് അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. തീവ്രതയുള്ള ലൈറ്റ് ഉപയോഗിച്ച് മത്സ്യ ബന്ധനവും തീരത്തോടു ചേർന്നുള്ള മത്സ്യബന്ധനവും നിരോധിച്ചിരിക്കുകയാണ്.
ഇത്തരത്തിൽ മത്സ്യങ്ങളെ വൻതോതിൽ പിടികൂടുന്നത് മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികളായ വള്ളക്കാർക്ക് മത്സ്യലഭ്യത കുറയുന്നതായും പരാതി നിലനിൽക്കുന്നുണ്ട് .
പിടിച്ചെടുത്ത ബോട്ടിനെതിരെ കെ എം എഫ് ആർ ആക്ട് പ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ നൗഷർഖാൻ അറിയിച്ചു.
പരിശോധനയിൽ നീണ്ടകര മറൈൻ എഎസ്ഐ ജോസ് , സിവിൽ പോലീസ് ഓഫീസർമാരായ മനോജ് ലാൽ , ഷെല്ലി , റോജൻ ദാസ് , ലൈഫ് ഗാർഡ് മാർട്ടിൻ എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിലും നിരോധിത മാർഗങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് തടയുന്നതിനായി ശക്തമായ പരിശോധന തുടരുമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സുഹൈർ അറിയിച്ചു.