ബുവാനോസ് ആരീസ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ലക്ഷോപലക്ഷം ആരാധകർ ലോകത്തിന്റെ വിവിധ കോണുകളിൽ ഉണ്ടെന്നത് വാസ്തവം.
മാറഡോണയുടെ മരണത്തോടെ ആരാധകർ കണ്ണീരിലാവുകയും ചെയ്തു. മാറഡോണയെന്നാൽ അർജന്റീനക്കാർക്ക് അഡിക്ഷൻ ആണ്.
അർജന്റൈൻ നഗരമായ ബുവാനോസ് ആരീസിൽ മാറഡോണയുടെ പേരിൽ രണ്ട് പെണ്‍കുട്ടികളുണ്ട്.
മാറഡോണയുടെ പേര് രണ്ടായി പകുത്ത് മാറ, ഡോണ എന്നാണ് ഇരട്ടകളായ അവർക്ക് പേരിട്ടിരിക്കുന്നത്. മാറഡോണയുടെ കടുത്ത ആരാധകനായ വാൾട്ടർ റോട്ടുണ്ഡോയുടെ മക്കളാണ് ഒന്‍പതു വയസ് പ്രായമുള്ള മാറയും ഡോണയും.
പതിവ് ആരാധകരെപ്പോലെ വെറുതേയങ്ങ് മക്കൾക്ക് പേരിട്ടതല്ല വാൾട്ടർ. 1990 ലോകകപ്പ് ഫൈനലിൽ 85-ാം മിനിറ്റിലെ പെനൽറ്റി ഗോളിലൂടെ അർജന്റീന 1-0ന് വെസ്റ്റ് ജർമനിയോട് പരാജയപ്പെട്ടപ്പോൾ മാറഡോണ വിങ്ങിപ്പൊട്ടിക്കരഞ്ഞതിന്റെ വേദനയിൽനിന്നായിരുന്നു വാൾട്ടറിന്റെ തീരുമാനം.
വിവാഹിതായി മക്കൾ ജനിക്കുന്പോൾ മാറഡോണയുടെ പേര് അവർക്കിടുമെന്ന് വാൾട്ടർ അന്ന് മനസിൽ കുറിച്ചു. വർഷങ്ങൾക്കുശേഷം സ്റ്റെല്ല മരിയ പെരെസിനെ വിവാഹം കഴിക്കുന്നതിനു മുന്‍പ് വാൾട്ടർ ആവശ്യപ്പെട്ട ആദ്യ സംഗതിയും അതായിരുന്നു.
2011ൽ ഇരുവർക്കും ഇരട്ടപെണ്‍കുട്ടികൾ പിറന്നു, അവർ മാറയെന്നും ഡോണയെന്നും വിളിക്കപ്പെട്ടു.
കുഞ്ഞ് മാറയെയും ഡോണയെയും മാറഡോണ സ്വന്തം കൈകളിൽ എടുത്തിട്ടുണ്ടെന്നതും മറ്റൊരു യാഥാർഥ്യം. ഇരുവരുമായി നിൽക്കുന്ന മാറഡോണയുടെ ചിത്രം വാൾട്ടറിന്റെ കൈവശമുണ്ട്, വാർട്ടറിന്റെ പുറത്ത് ആകട്ടെ മാറഡോണയുടെ ടാറ്റുവും.
തങ്ങളുടെ പേരിന്റെ പിന്നിലെ കഥപറയാൻ മാറയ്ക്കും ഡോണയ്ക്കും അത്യാവേശവുമാണ്.
അതിനിടെ ലാ പ്ലാറ്റയിലെ ജിംനാസ്യ ഡി ലാ പ്ലാറ്റ ക്ലബ്ബിൽ ഡിയേഗോ മാറഡോണയ്ക്കൊപ്പമുണ്ടായിരുന്ന സഹപരിശീലകർ ഇന്നലെ രാജിവച്ചു.