കൊച്ചി: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം “മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഈ വര്‍ഷം മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തും.
നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്. മലയാള സിനിമയില്‍ ഇന്നോളമുള്ളതില്‍ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ മരക്കാറിന്റെ റിലീസ് തീയതി ആശീര്‍വാദ് സിനിമാസ് പ്രഖ്യാപിച്ചത്.
ദൃശ്യം രണ്ട് തീയറ്ററുകള്‍ക്ക് പകരം ഒടിടി റിലീസിന് നല്‍കിയത് സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കെയാണ് വമ്പന്‍ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാര്‍.
പ്രിയദര്‍ശന്റെ സ്വപ്ന പ്രൊജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.മരക്കാറിനെ കൂടാതെ മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്നിവയെല്ലാം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.
അതേസമയം, ദൃശ്യം 2 ആമസോണ്‍ റിലീസായി പ്രഖ്യാപിച്ചതോടെ മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും എതിരെ ഫിലിം ചേംബറും തിയറ്ററുടമകളും രംഗത്ത് വന്നിരുന്നു.