കോഴിക്കോട്: മരക്കാര്‍ അറബി കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കാന്‍ തിയറ്റര്‍ ഉടമകള്‍.
കോവിഡാനന്തരം തിയറ്ററുകള്‍ക്ക് കളക്ഷനില്‍ വലിയ പ്രതീക്ഷയായിരുന്ന ഈ ചിത്രം ഒടിടിയിലേക്ക് പോകുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് കര്‍ശന മാനദണ്ഡങ്ങള്‍ ഒഴിവാക്കി തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം തിയറ്റര്‍ ഉടമകളും വിതരണക്കാരുടെ സംഘടനയും ഉയര്‍ത്തുന്നത്.
അതേസമയം ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിലപാടിനോട് തിയറ്ററുടമകള്ക്കിടയില് ഭിന്നതയുണ്ട്. ദൃശ്യം -2 എന്ന സിനിമ ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.
എന്നാല്‍ നൂറുകോടി മുതല്‍ മുടക്കുള്ള മരക്കാര്‍ തിയറ്ററുകളില്‍ നിശ്ചയമായും കളിപ്പിക്കാന്‍ വേണ്ടിയാണ് ഇതുചെയ്തതെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ വാദം.
ചിത്രം വലിയ ജനപ്രീതിനേടുകയും ചെയ്തു. തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നുവെങ്കില്‍ പ്രതിസന്ധികാലത്ത് കൂടുതല്‍ ആളുകള്‍ തിയറ്ററിലെത്താന്‍ ഇതുകാരണമായേനെയെന്നും ഇവര്‍ വാദിക്കുന്നു.
എന്നാല്‍ നിര്‍മാണ വിതരണരംഗത്ത് അതികായനായ ആശിര്‍വാദിനും ആന്റണി പെരുമ്പാവൂരിനും എതിരേ നേരിട്ട് എതിര്‍ക്കാന്‍ പലരും തയ്യാറല്ല.
മാത്രമല്ല അമ്പത് ശതമാനം ആളുകളെ മാത്രമേ തിയറ്ററിലേക്ക് പ്രവേശിപ്പിക്കാവൂ എന്ന കടുത്ത നിബന്ധന സമ്മര്‍ദത്തിന് വഴങ്ങി സര്‍ക്കാര്‍ എടുത്തുകളഞ്ഞാല്‍ അത് തിയറ്ററുകളെ സംബന്ധിച്ച് നേട്ടമാകുകയും ചെയ്യും.
അതേസമയം മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് ആമസോണ്‍ പ്രൈമുമായി അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ചനടത്തി വരികയാണ്. ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചുകഴിഞ്ഞു.
അനുകൂല സാഹചര്യമൊരുക്കിയാല്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യും. ഇല്ലെങ്കില്‍ മറ്റുവഴികളെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ കൂടയാണ് ഇന്ന് സിനിമാസംഘടനകളുടെ യോഗം ചേരുന്നത്.