പയ്യോളി : ധീരദേശാഭിമാനിയും സാമൂതിരി രാജാവിന്റെ പടത്തലവനുമായിരുന്ന കോട്ടക്കൽ കുഞ്ഞാലിമരക്കാർ നാലാമന്റെ ജീവിതകഥ ആസ്പദമാക്കി നിർമിച്ച് റിലീസിനൊരുങ്ങുന്ന മോഹൻലാൽ നായകനായ “മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ കോടതി കയറുന്നു .
സിനിമയുടെ പ്രദർശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിമരക്കാർ കുടുംബാംഗങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഗുരുതര ആരോപണങ്ങളുളളത്.
നടൻ മോഹൻലാൽ കുഞ്ഞാലിമരക്കാരായി വേഷമിടുന്ന ചിത്രത്തിൽ മരക്കാരുടെ തലപ്പാവിന് താഴെ നെറ്റിയിൽ ഗണപതിയുടെ ചിഹ്നം പതിച്ചത് ചരിത്ര യാഥാർഥ്യങ്ങളെ വളച്ചൊടിച്ചതാണെന്നും തികഞ്ഞ സൂഫിവര്യനും യാഥാസ്ഥിക ഇസ് ലാമിക വിശ്വാസിയുമായ മരക്കാർ ഒരിക്കലും ഹൈന്ദവിശ്വാസവുമായി ബന്ധപ്പെട്ട വിഗ്രഹങ്ങൾ ധരിച്ചിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു .
ഇത്തരത്തിൽ ചരിത്ര യാഥാർഥ്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ സിനിമ പുറത്തിറങ്ങുന്നത് സമൂഹത്തിൽ തികഞ്ഞ തെറ്റിദ്ധാരണകളും മരക്കാർ കുടുംബ വംശത്തിൽപ്പെട്ട ആയിരത്തിലധികം കുടുംബങ്ങൾക്ക് മനോവേദനയുണ്ടാക്കുന്നതാണെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു.
സിനിമയുടെ പരസ്യങ്ങളിലും മറ്റും ഇതിനകം കണ്ടതിലൂടെ തികച്ചും കെട്ടിചമച്ച കഥയാണ് സിനിമയാക്കിയതെന്ന് സംശയിക്കുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.
ലാലിന്റെ മകൻ പ്രണവ് മോഹൻലാലാണ് മരക്കാരുടെ ചെറുപ്പകാലത്തെ പ്രണയരംഗങ്ങളിലും മറ്റും അഭിനയിക്കുന്നത്. ചെറുപ്പകാല നായികയായി സിനിമയുടെ സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനുമാണ് അഭിനയിക്കുന്നത്.
എന്നാൽ വിവാഹം പോലും കഴിക്കാത്ത മരക്കാറിനെ പ്രണയ നായകനാക്കി ചരിത്രത്തെ വികലമാക്കുകയാണ് ചിത്രത്തിൽ ചെയ്യുന്നതെന്നും ഹർജിയിൽ പറയുന്നു.
മരക്കാർ കുടുംബവംശപരമ്പരയിൽ പെട്ട കൊയിലാണ്ടി നടുവത്തൂർ “ഫലസ്തീൻ ഹൗസി ‘ ൽ മുഫീദ അറഫാത്ത് മരക്കാർ ആണ് ഹൈക്കോടതി അഭിഭാഷകനായ പയ്യോളിയിലെ കെ.നൂറുദ്ദീൻ മുസ്ല്യാർ മുഖേന ഹൈക്കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്.
വിഷയം സംബന്ധിച്ച് സിനിമക്ക് യു/എ സർട്ടിഫിക്കറ്റ് നൽകരുതെന്ന് കഴിഞ്ഞ 12 ന് ഫിലിം സെൻസർ ബോർഡിന് ഹർജിക്കാരി പരാതി കൊടുത്തുവെങ്കിലും ബോർഡ് ആരോപണം പരിഗണിക്കാതെ തള്ളുകയായിരുന്നു. തുടർന്നാണ് 26 ന് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി പരാതിയിൽ സെൻസർ ബോർഡ് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേസ് മാർച്ച് നാലിന് പരിഗണിക്കാനായി ഹൈക്കോടതി സിംഗിൾ ബെഞ്ച് മാറ്റിവച്ചിരിക്കുകയാണ് .
കേസിൽ 11 എതിർകക്ഷികളുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി മുതൽ ജില്ലാ കളക്ടർ വരെയുള്ള ഒന്ന് മുതൽ ആറ് വരെയുള്ള കക്ഷികളും, നിർമാതാക്കാളായ ആന്റണി പെരുമ്പാവൂർ, മൂൺ ഷോട്ട് എന്റെർ ടൈൻമെന്റ് കോട്ടയം, കോൺഫിഡൻഷ്യൽ ഗ്രൂപ്പ് കൊച്ചി , സംവിധായകൻ പ്രിയദർശൻ, വിതരണക്കാരായ മാക്സ് ലാബ് സിനിമാസ് എന്നിവരെയടക്കം എതിർകക്ഷികളാക്കിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ചൈനീസടക്കം നാല് ഭാഷകളിൽ മാർച്ച് 26ന് പുറത്തിറങ്ങാൻ ത്യാറായിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഇതോടെ നിയമക്കുരുക്കിലേക്ക് വീഴുകയാണ് .