കുമരകം: കവണാറ്റിൻകരയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ രണ്ടു ജീവനുകൾ നഷ്ടപ്പെടാൻ ഇടയാക്കിയത് പടുകൂറ്റൻ തണൽ വൃക്ഷത്തിന്റെ വെട്ടിമാറ്റാത്ത മരക്കുറ്റി.
റോഡിൽ യാത്രക്കാർക്ക് തണലേകിയിരുന്ന മരത്തിന്റെ ശിഖരങ്ങൾ ഒന്നര വർഷം മുൻപ് ഉണ്ടായ ചുഴലിക്കാറ്റിൽ ഒടിഞ്ഞു തൂങ്ങി.
മരം സമീപവാസിയുടെ വീടിന് ഭീഷണിയായതോടെ വീട്ടുടമ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ വെട്ടിമാറ്റുകയായിരുന്നു.
മരം പൂർണമായി മുറിച്ചു മാറ്റാതെ ഒന്നരയാൾ പൊക്കത്തിലുള്ള മരക്കുറ്റി നിലനിർത്തിയതാണു വാഹനങ്ങൾക്ക് ഭീഷണിയായി മാറിയത്.
മറ്റു തണൽ മരങ്ങളേക്കാൾ റോഡിനോടു ചേർന്നാണ് ഈ മരം നിന്നിരുന്നത്. ശിഖരങ്ങളും ഇലകളും ഇല്ലാത്തതിനാൽ മരക്കുറ്റി ഡ്രൈവർമാരുടെ ശ്രദ്ധയിൽ അത്രവേഗം പെടില്ല.
മരത്തിന്റെ ചുവട് റോഡിനോട് ചേർന്നാണെങ്കിലും മുകൾ ഭാഗം റോഡിൽനിന്നും അകന്നു നില്ക്കുന്നതിനാൽ ചീപ്പുങ്കൽ പാലത്തിന്റെ ഇറക്കം ഇറങ്ങി നേരേ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ചെറിയ അശ്രദ്ധപോലും വലിയ അപകടത്തിനു കാരണമാകും. .
കഴിഞ്ഞദിവസം രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കു നിയന്ത്രണം നഷ്ടപ്പെട്ടതാണ്.
മരത്തിൽ ഇടിച്ചു കാറിന്റെ ഇടതുവശം പൂർണമായി തകരുകയും ഈ വശത്ത് ഇരുന്നവർ മരണപ്പെടുകയും ചെയ്തു. മരം പൂർണമായും വെട്ടിമാറ്റി റോഡ് സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.