മുതലമട: വിദേശികൾ ഉൾപ്പെടെ വിനോദസഞ്ചാരികൾക്ക് ഹരമായിരുന്ന പറന്പിക്കുളത്തെ മരക്കുടിൽ പരിചരണമില്ലാതെ നശിക്കുന്നതായി പരാതി. പറന്പിക്കുളം, കടവുകോളനി റോഡിലാണ് രണ്ടു മരക്കുടിലുകളുള്ളത്.
ടൂറിസംവകുപ്പിന് ഈ കുടിലുളിൽനിന്നും നല്ല വരുമാനം ലഭിച്ചിരുന്നു.
തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഒരു ദിവസം മരക്കുടിലിൽ വസിക്കുന്നതിനു മൂവായിരം രൂപയും വെള്ളിമുതൽ ഞായർവരെ ദിവസങ്ങളിൽ 4500 രൂപയുമായിരുന്നു വാടക. മരക്കുടിലിൽ ഒരുദിവസത്തെ ആഹാരവും നല്കും.
തറയിൽനിന്നും ഇരുപതടി ഉയരത്തിലാണ് കുടിൽ. പറന്പിക്കുളം ജംഗ്ഷനിലുള്ള കുടിൽ ബലക്ഷയത്തെ തുടർന്നു നിലവിൽ ഉപയോഗിക്കുന്നില്ല. മുൻകാലത്ത് മരക്കുടിലിൽ താമസിക്കുന്നതിനു ആളുകളെ തെരഞ്ഞെടുത്തിരുന്നത് നറുക്കെടുപ്പു നടത്തിയായിരുന്നു.
ആനപ്പാടിമുതൽ പറന്പിക്കുളംവരെ പതിമൂന്നുകിലോമീറ്റർ ദൂരപരിധിയിൽ കൂടുതൽ മരക്കുടിലുകൾ നിർമിക്കണമെന്നും കുറഞ്ഞനിരക്കിൽ ഇവ ഉപയോഗിക്കാൻ സൗകര്യം ഒരുക്കണമെന്നുമാണ് വിനോദസഞ്ചാരികൾ ആവശ്യപ്പെടുന്നത്.