കോട്ടയം: ജനറൽ ആശുപത്രി വളപ്പിൽ 20 മരങ്ങൾ അപകടകരമായി നിലകൊള്ളുന്നതായി സബ് കമ്മിറ്റി റിപ്പോർട്ട്. വ്യാഴാഴ്ച രാത്രിയിൽ ആശുപത്രിയിലെ 11-ാം വാർഡിലെ കെട്ടിടത്തിനു മുകളിലേക്കു മരം വീണു രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചേർന്ന ആശുപത്രി വികസന സമിതി യോഗമാണ് അപകടകരമായി നിലകൊള്ളുന്ന മരങ്ങളുടെ കണക്കെടുക്കാൻ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ഇന്നലെ തന്നെ സബ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണു 20 മരങ്ങൾ അപകടകരമായി നിലകൊള്ളുന്നതായാണു കണ്ടെത്തിയത്.
നാളുകൾക്കു മുന്പു തന്നെ ആശുപത്രി വളപ്പിൽ കെട്ടിടങ്ങൾക്കു മുകളിലേക്കു വീഴാൻ സാധ്യതയുള്ള നാലു മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി ലഭിച്ചിരുന്നു. എന്നാൽ ടെൻഡർ വിളിച്ചെങ്കിലും ആരും കരാർ എടുക്കാൻ തയാറായില്ല. ഈ മരങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതിരുന്ന മരമാണ് കഴിഞ്ഞ ദിവസം മറിഞ്ഞു വീണത്.
സബ് കമ്മിറ്റി നടത്തിയ പരിശോധനയിൽ ഈ നാലു മരങ്ങൾക്കു പുറമെ മറ്റു നാലു മരങ്ങൾ കൂടി ഏറെ അപകടകരമായ അവസ്ഥയിലാണുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവ ഉടൻ മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കും. ഇവയ്ക്കുപുറമെ മരം വീണു തകർന്ന ആശുപത്രി കെട്ടിടം പൊളിച്ചുമാറ്റാനും വികസന സമിതി യോഗം തീരുമാനിച്ചു.