കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ കരിങ്കല്ലാത്താണി മുതൽ താണാവ് വരെ റോഡ് നവീകരണത്തിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങൾ അപകടഭീഷണിയാകുന്നതായി പരാതി.
ഒരുവർഷം മുന്‍പ് കല്ലടിക്കോട് സനാന ഓഡിറ്റോറിയത്തിനുസമീപം മുറിച്ചിട്ട മരങ്ങൾ ചിതലരിച്ച് മണ്ണുകയറി നശിക്കൻ തുടങ്ങിയിട്ടും അധികൃതർ നീക്കംചെയ്യാൻ തയാറാകുന്നില്ലത്രേ.
കല്ലടിക്കോട് ഫെഡറൽ ബാങ്കിനുസമീപം, ഹോണ്ടാ ഷോറൂമിനരികേ, കനാൽപ്പാലത്തിനുസമീപം, ദീപാകവല എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ മരങ്ങൾ മുറിച്ചിട്ടു കിടക്കുന്നുണ്ട്.
ശിഖരങ്ങൽ വെട്ടിമാറ്റി മരത്തടികൾ റോഡരികിൽതന്നെയണ് നിക്ഷേപിച്ചിട്ടുള്ളത്. ഒരാഴ്ച്ചയായിട്ടും മുറിച്ച മരങ്ങൾ നീക്കംചെയ്യാൻ കരാർ തൊഴിലാളികളോ മരം എടുത്തവരോ മുന്നോട്ടു വന്നിട്ടില്ല.
റോഡിൽ കിടക്കുന്ന മരങ്ങൾ കാൽനടയത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയാകുന്നതിനു പുറമേ ലോറിയടക്കമുള്ള വാഹനങ്ങൾ വരുന്പോൾ വശങ്ങളിലേയ്ക്ക് ഓടിമാറുന്പോൾ യാത്രക്കാർക്കു മരത്തിൽ തട്ടിവീണ് പരിക്കേല്‍ക്കുന്നതും പതിവായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ എത്രയുംവേഗം വെട്ടിയിട്ട മരങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.