തൃപ്പൂണിത്തുറ: സ്റ്റാച്യു ജംഗ്ഷനിലെ മരത്തിന്റെ ശിഖിരം വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. സ്റ്റാച്ചു ജംഗ്ഷനിലെ കൂറ്റൻ തണൽമരത്തിന്റെ ഉണങ്ങി ദ്രവിച്ച ശിഖരം കാലവർഷം തുടങ്ങിക്കഴിഞ്ഞിട്ടും മുറിച്ചുമാറ്റാത്തതാണ് ആശങ്ക ഉയർത്തുന്നത്. സ്റ്റാച്ചു ജംഗ്ഷന് നടുവിൽ നിൽക്കുന്ന കൂറ്റൻ തണൽമരത്തിന്റെ മുകളിൽ കിഴക്കുഭാഗത്തുള്ള വലിയൊരു ശിഖരമാണ് ഉണങ്ങി ദ്രവിച്ച നിലയിൽ തൊലി പൊളിഞ്ഞും താനെ പൊടിഞ്ഞും റോഡിന് നടുവിൽ വീണു കൊണ്ടിരിക്കുന്നത്.
സ്റ്റാച്യുവിന് കിഴക്കു ഭാഗത്തുള്ള ലായം റോഡിലേക്ക് പോകുന്നവരും വടക്കുഭാഗത്തു കൂടി കിഴക്കോട്ടു യാത്ര ചെയ്യുന്നവരുമെല്ലാം ഉണങ്ങി ദ്രവിച്ച മരക്കൊമ്പിന് കീഴെ കുടി വേണം കടന്നു പോകേണ്ടത്. റോഡിലെ യാത്രക്കാരുടെയും വാഹനങ്ങളുടെയും തലക്ക് മുകളിൽ ഏകദേശം 40 അടിയോളം ഉയരത്തിൽ നിൽക്കുന്ന ഉണങ്ങി ദ്രവിച്ച നിലയിലാണ് വൃക്ഷക്കൊമ്പ്.
മഴയും കാറ്റും ഇനിയും ശക്തി പ്രാപിക്കുമെന്നിരിക്കെ ഉണങ്ങിയ വൃക്ഷ ശിഖരം നനഞ്ഞു കതിർന്ന് നിലംപതിക്കുന്നതിന് അപകടം ഉണ്ടാക്കുന്നതിന് മുമ്പ് അധികൃതർ ഇടപെട്ട് പെട്ടെന്ന് തന്നെ മുറിച്ച് മാറ്റണമെന്നാണ് സമീപത്തെ വ്യാപാരികളും ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.