ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ ജംഗ്ഷനിൽ റോഡിന് കുറുകെ വളർന്നു പന്തലിച്ച തണ ൽമരം വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയായി മാറി. തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പിന്റെ എതിർവശത്താണ് ഈ കൂറ്റൻ മരം. ദേശീയപാതയിലെ ഇരു റോഡുകളുടെയും മുകളിലൂടെ പടർന്ന് പന്തലിച്ച് നില്ക്കുക്കുകയാണ്.
റോഡിൽ ഓട നിർമ്മിക്കുന്നതിന്റെ ഭാഗമായി ഈ മരത്തിന്റെ വേരുകൾ വെട്ടിമാറ്റിയിരുന്നു. മണ്ണിൽ ശക്തമായ വേരുപിടിത്തമില്ലാത്ത അവസ്ഥയിലുള്ള മരം ഏത് നിമിഷവും നിലംപതിക്കാമെന്ന സ്ഥിതിയിലാണ്. തൊട്ടടുത്ത് ഓട്ടോസ്റ്റാന്റും കടകളൂം എപ്പോഴും വാഹന തിരക്കുള്ള ദേശീയ പാതയുടെ റോഡുകളുമുണ്ട്.
മരം മറിഞ്ഞു വീണാൽ വലിയൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും.ഇപ്പോൾ ദേശീയപാതയുടെ കടമ്പാട്ടു കോണം മുതൽ ഓച്ചിറ വരെയുള്ള ഭാഗത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ ദേശീയപാത അധികൃതർ കരാർ നല്കിയിരിക്കയാണ്.
ഇതിന്റെ ഭാഗമായി മരം മുറിപ്പും തുടങ്ങി. അപകടാവസ്ഥയിലുള്ള മരങ്ങൾ പക്ഷേ മുറിച്ചുമാറ്റാനുള്ള മരങ്ങളുടെ പട്ടികയിലില്ല .ശരിക്കും തണൽ നല്കുന്ന മരങ്ങളാണ് മുറിയ്ക്കുന്നത്. ചാത്തന്നൂർ ജംഗ്ഷനിലെ അവസ്ഥയും ഇതാണ്.
അപകടാവസ്ഥയിലുള്ള മരങ്ങൾ ഒഴിവാക്കി മരം മുറിയ്ക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.