നാദാപുരം: വീടിനു ഭീഷണിയായ മരം മുറിച്ചു മാറ്റാൻ താഹസിൽദാരുടെ ഉത്തരവുണ്ടായിട്ടും പിഡബ്ല്യുഡി അധികൃതർക്ക് അനങ്ങാപ്പാറ നയം. ഫണ്ടില്ലെന്ന ഒഴുക്കൻ മറുപടിയാണിവർപറയുന്നത്. അതേസമയം കോമത്ത്താഴെക്കുനി പൊക്കന്റെ കുടുംബം ഏതു നിമിഷവും വീടിനു മുകളിലേക്ക് പതിച്ചേക്കാവുന്ന കൂറ്റൻ ആൽമരത്തെ ഓർത്ത് തീ തിന്നു കഴിയുകയാണ്.
2017ൽ ആണ് പുറമേരി വില്ലേജിലെ കോമത്ത് താഴെക്കുനി പൊക്കൻ തന്റെ വീടിനടുത്തായുള്ള പുറമേരി കുനിങ്ങാട് റോഡിലെ വലിയ ആൽ മരം വീടിനു മുകളിലേക്ക് ചാഞ്ഞിരിക്കയാണെന്നും ഏതു നിമിഷവും വീണ് വീട് തകർന്നേക്കുമെന്നും കാണിച്ച് വടകര തഹസിൽദാർക്ക് അപേക്ഷ സമർപ്പിച്ചത്. തഹസിൽദാർ അന്വേഷണം നടത്തി മരത്തിന്റെ ശാഖകൾ വീടിനു ഭീഷണിയാണെന്ന് ബോധ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ വടകര തഹസിൽദാർ പി.കെ.സതീഷ്കുമാർ മരത്തിന്റെ ശാഖകൾ മുറിച്ചുമാറ്റാൻ പിഡബ്ല്യുഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർക്ക് ഉത്തരവിട്ടു. പതിനഞ്ച് ദിവസത്തിനകം തുടർ നടപടി സ്വീകരിക്കാനായിരുന്നു ഉത്തരവ്.
ക്രിമിനൽ നടപടിക്രമം പ്രകാരം 2018 ജനവരി ഒന്നിന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാൻ ഏഴു മാസം കഴിഞ്ഞിട്ടും പിഡബ്ല്യൂഡി അധികൃതർ തയാറായിട്ടില്ല. മരത്തിന്റെ ശാഖകൾ മുറിച്ചുമാറ്റാനുള്ള ഫണ്ട് ഇല്ലെന്നാണ് അധികൃതർ നൽകുന്ന മറുപടി.
അതേ സമയം പൊതു മരാമത്ത് വകുപ്പ് റോഡിൽ നിൽക്കുന്ന ആൽ മരം വീട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. കനത്ത മഴയും ശക്തമായ കാറ്റും പതിവായതോടെ ഏതു നിമിഷവും ആൽമരം വീടിനു മുകളിലേക്ക് പതിച്ച് വീട് തകർന്നേക്കുമെന്ന സ്ഥിതിയാണ്. പ്രാണ ഭയം ഇല്ലാതെ വീടിനുള്ളിൽ കഴിയാനുള്ള സ്ഥിതി വിശേഷം ഉണ്ടായിക്കിട്ടാൻ ആരെ സമീപിക്കണമെന്ന് അറിയാതെ ഭീതിയോടെ കഴിയുകയാണ് പൊക്കന്റെ കുടുംബം.