പാലാ: എട്ടു കുടുംബങ്ങൾക്ക് ഭീഷണിയായി ആറു വൻമരങ്ങൾ. കരൂർ പഞ്ചായത്തിലെ 13-ാം വാർഡായ ഇടനാട് ഈസ്റ്റ് വാർഡിൽ ചിറ്റാർ- പേണ്ടാനംവയൽ ബൈപാസ് റോഡിൽ ചിറ്റാർ പള്ളിക്കു സമീപം ചിറ്റാർ തോടിനോടു ചേർന്നുള്ള പുറന്പോക്ക് ഭൂമിയിൽ താമസിക്കുന്ന എട്ടു കുടുംബങ്ങളാണ് വലിയ മരങ്ങളുടെ ഭീഷണിയിൽ കഴിയുന്നത്. 100 ഇഞ്ചിനു മുകളിൽ വണ്ണമുള്ള വൻ പാഴ്മഴങ്ങളാണ് ഏതു നിമിഷവും പുരയിലേക്ക് വീഴാവുന്ന രീതിയിൽ നിൽക്കുന്നത്.
ഇവിടെ താമസിക്കുന്ന വട്ടത്ത് തെക്കേക്കര തുളസിയുടെ വീടിനു മുകളിലേക്ക് ഏതു സമയവും വീഴാറായിട്ടാണ് മരം നിൽക്കുന്നത്. വീട്ടുകാരും നാട്ടുകാരും പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മരം വെട്ടിമാറ്റുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കുഴിവേലി അലക്സ്, വാക്കപ്പറന്പിൽ സോളി, തെരുവംകുന്നേൽ ദാസൻ, മുണ്ടപ്ലാക്കൽ കൊച്ചുമോൾ, മഠത്തിപറന്പിൽ ബീന, തോട്ടുചാലിൽ മനോജ് എന്നിങ്ങനെ എട്ടു കുടുംബങ്ങളാണ് താമസിക്കുന്നത്.
രണ്ടാഴ്ച മുന്പ് വാഴവേലി ശശിയുടെ വീടിനു മുകളിലേക്ക് വൻ മരം വീണു വീട് പൂർണമായും തകർന്നിരുന്നു. വീട്ടിൽ ഈ സമയം ആരും ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. വീണ മരം പഞ്ചായത്ത് അധികൃതർ വെട്ടിമാറ്റിയതല്ലാതെ വീട് പുനർനിർമിക്കുന്നതിനോ ഇതിനു സഹായം നൽകുന്നതിനോ അധികൃതർ തയാറായിട്ടില്ല.
പാവപ്പെട്ട കുടുംബങ്ങളുടെ ജീവനു ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിനു പഞ്ചായത്ത് ഭരണസമിതിയും മേലധികാരികളും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. ഇക്കാര്യത്തിൽ അടിയന്തരമായി ജില്ലാ കളക്ടറും ആർഡിഒയും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം